ഡോ.വന്ദന സർക്കാർ അനാസ്ഥയുടെ ഇര - കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

New Update

publive-image

Advertisment

ഡൽഹി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സംഭവിച്ച ഡോക്ടറുടെ അരുംകൊല ഞെട്ടിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സുരക്ഷ സംബന്ധിച്ച് കേരളത്തിലെ ഡോക്ടര്‍മാര്‍ ഉയര്‍ത്തിയിരുന്ന ആശങ്ക പൂര്‍ണമായും ശരിയെന്ന് തെളിയിക്കുന്നതാണ് കൊലപാതകം. ആതുരശുശ്രൂഷകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ആരോഗ്യവകുപ്പിന് 'കപ്പിത്താന്‍' ഇല്ല എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായെന്നും വി.മുരളീധരൻ പറഞ്ഞു.

ഒരു കൊടുംക്രിമിനലിനെ, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിശോധനക്കെത്തിച്ചത്. കഴിഞ്ഞവര്‍ഷം മാത്രം 137 അതിക്രമങ്ങളാണ് ഡോക്ടര്‍മാര്‍ക്കെതിരെ കേരളത്തില്‍ ഉണ്ടായത്. 2012 ല്‍ നിലവില്‍ വന്ന ആശുപത്രി സംരക്ഷണ നിയമം എവിടെപ്പോയി എന്നും കേന്ദ്രമന്ത്രി ചോദിച്ചു. നാടെങ്ങും ക്രിമിനലുകള്‍ അഴിഞ്ഞാടുമ്പോള്‍ ആഭ്യന്തരമന്ത്രി അടുത്ത വിദേശയാത്രക്കുള്ള തയാറെടുപ്പിലാണ് എന്നും വി. മുരളീധരൻ വിമർശിച്ചു.

സ്ത്രീ സമത്വം, കേരള മോഡല്‍, പ്രബുദ്ധ കേരളം എന്നെല്ലാം പാര്‍ട്ടി സ്റ്റഡി ക്ലാസുകളിലും സമൂഹമാധ്യമങ്ങളിലും ആവര്‍ത്തിച്ചാല്‍ പോരെന്നും ജനങ്ങളോട് ഉത്തരവാദിത്തമുണ്ടാകണം എന്നും മന്ത്രി പറഞ്ഞു. ഡോ.വന്ദനയുടെ വേർപാടിൽ കുടുംബത്തിന് ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും വി.മുരളീധരൻ കൂട്ടിചേർത്തു.

Advertisment