ഹൈദരാബാദ്: പാർക്കിംഗ് ഏരിയയിൽ കിടന്ന മൂന്നുവയസുകാരിയുടെ മുകളിലൂടെ എസ്.യു.വി കയറിയിറങ്ങിയതിനെ തുടർന്ന് കുഞ്ഞിന് ദാരുണാന്ത്യം. ഹൈദരാബാദിലെ ഒരു അപ്പാർട്ട്‌മെൻറ് കോംപ്ലക്‌സിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പെൺകുട്ടിയുടെ മാതാപിതാക്കൾ കർണാടക കലബുർഗിയിൽ നിന്നുള്ള തൊഴിലാളികളാണെന്നും ബാലാജി ആർക്കേഡ് അപ്പാർട്ട്മെന്റിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ നിർമാണ ജോലി ചെയ്യുകയാണെന്നും ഹയാത് നഗർ പൊലീസ് ഇൻസ്പെക്ടർ എച്ച് വെങ്കിടേശ്വര്ലു പറഞ്ഞു. പുറത്ത് ചൂടായതിനാൽ അമ്മ കവിത മകളെ അപ്പാർട്ട്മെന്റിലെ പാർക്കിംഗ് ഏരിയയിലെ തണലിൽ കിടത്തിയതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്പാർട്ട്മെന്റിലെ വാച്ച്മാന്റെ കുടുംബത്തോട് മകളെ ശ്രദ്ധിക്കാൻ താൻ പറഞ്ഞിരുന്നുവെന്നും മകൾക്ക് വല്ല പ്രശ്‌നവുമുണ്ടോയെന്നറിയാൻ രണ്ടുതവണ പോയി നോക്കിയിരുന്നുവെന്നും കുട്ടിയുടെ അമ്മ കവിത മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ നിമിഷങ്ങൾക്കകം ദുരന്തം സംഭവിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഹരി രാമകൃഷ്ണ എന്ന താമസക്കാരനാണ് പെൺകുട്ടി വഴിയിൽ ഉറങ്ങുന്നത് ശ്രദ്ധിക്കാതെ അവളുടെ മുകളിലൂടെ വാഹനമോടിച്ചത്. വാഹനം നിർത്തിയിടാനെത്തിയപ്പേഴായിരുന്നു സംഭവം നടന്നത്.
അപകടം നടന്നയുടൻ കാറുടമ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതായും എന്നാൽ രക്ഷിക്കാനായില്ലെന്നും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ കവിത പറഞ്ഞു. ഇൻറീരിയർ ഡിസൈനായി പ്രവർത്തിക്കുന്നയാളാണ് രാമകൃഷ്ണ. പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് ഡിപ്പാർട്ട്‌മെൻറിൽ സബ് ഇൻസ്‌പെക്ടറാണ് ഇയാളുടെ ഭാര്യ. സംഭവത്തിൽ അശ്രദ്ധമൂലമുള്ള മരണം സംഭവിച്ചതിലുള്ള വകുപ്പ് -സെക്ഷൻ 304 എ - ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. പെൺകുഞ്ഞിനെ ബെഡ്ഷീറ്റിൽ പൊതിഞ്ഞതിനാൽ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ഡ്രൈവർ പറഞ്ഞതായും വ്യക്തമാക്കി.
#BREAKING | #Hyderabad: A 2-year-old girl died after being run over by a SUV car in a parking lot. @sowmith7 reports pic.twitter.com/Rc7DHJBzza
— Mirror Now (@MirrorNow) May 25, 2023