/sathyam/media/post_attachments/Lu9PW7tqUzbfLuvaYLRA.jpg)
ന്യൂഡല്‍ഹി: മണിപ്പൂരില്‍ നടക്കുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളുടെയും സത്യാവസ്ഥ പുറത്തുവരുവാന്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു. ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത അക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതായാണ് അറിയുന്നത്. നിരവധി ക്രൈസ്തവ ദേവാലയങ്ങളും വിദ്യാലയങ്ങളും തകര്‍ക്കപ്പെട്ടു.
100 ഓളം ആളുകള്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു.40000 ത്തോളം പേര്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ടിവന്നു.നിരവധി ഗ്രാമങ്ങള്‍ കൂട്ടത്തോടെ തീവച്ച് നശിപ്പിച്ചു. അക്രമകാരികള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒത്താശ ചെയ്യുന്നു എന്ന പരാതികള്‍ വ്യാപകമാണ്. ഭരണഘടനയുടെ 355-ാം വകുപ്പനുസരിച്ച് മണിപ്പൂരിന്റെ സുരക്ഷാ ചുമതല കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തിട്ടും കലാപം തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകളും പരാജയമായി. ഗവര്‍ണറുടെ അധ്യക്ഷതയില്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സമാധാന സമിതിയോട് മെയ്തി കുക്കി വിഭാഗങ്ങള്‍ സഹകരിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇന്നലെയും 11 പേര്‍ മരണപ്പെടുകയുണ്ടായി. എന്നിട്ടും മണിപ്പൂര്‍ സംഭവങ്ങളോട് പ്രധാനമന്ത്രി പ്രതികരിക്കാത്തതും വിഷയത്തില്‍ നേരിട്ട് ഇടപെടാത്തതും ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ത്തുന്ന വസ്തുതയാണ്. ഇംഫാല്‍ രൂപത വികാരി ജനറാല്‍ ഫാ.വര്‍ഗീസ് വേലിക്കകം, ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ സി.എം.ഐ എന്നിവരുമായി ബന്ധപ്പെട്ടപ്പോള്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നുവെന്ന വിവരമാണ് ലഭിച്ചത് .കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധിസംഘം അടുത്ത ദിവസം തന്നെ മണിപ്പൂര്‍ സന്ദര്‍ശിക്കും.