/sathyam/media/post_attachments/XkhcmtegEHgh2C0664zU.jpg)
എയ്മ ദ്വിദിന സ്ഥാപക ദിനാഘോഷങ്ങൾക്ക് ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ നിലവിളക്ക് കൊളുത്തി തുടക്കം കുറിക്കുന്നു
ഡല്‍ഹി: ഓള്‍ ഇന്ത്യ മലയാളി അസോസിയഷൻ (എയ്മ) പതിനാറാമത് സ്ഥാപക ദിന ആഘോഷങ്ങളുടെ സാംസ്കാരിക സമ്മേളനം നാളെ ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ വെയ്റ്റ് ലിഫ്റ്റിങ്ങ് ആഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ എയ്മ അക്ഷരമുദ്ര പുരസ്കാരം കെ ജയകുമാർ എ.ഐ.എസിന് സമ്മാനിക്കും. എയ്മയുടെ നേതൃത്വത്തിൽ രാജ്യത്താകമാനം നടത്തുന്ന ലഹരിക്കെതിരെയുളള ബോധവത്ക്കരണ പരിപാടിയും എയ്മ സാന്ത്വന ട്രസ്റ്റിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
സാംസ്കാരിക സമ്മേളനത്തെ തുടർന്ന് എയ്മ ഒരുക്കുന്ന കേരളീയം സംഗീത നൃത്ത പരിപാടിയോടെ കലാ വിരുന്നിന് തുടക്കം കുറിക്കും. പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സംഘവും നയിക്കുന്ന പ്രൊജക്റ്റ് മലബാറിക്കസിന്റെ മൂന്ന് മണിക്കൂർ നീളുന്ന സംഗീതവിരുന്ന് ഉണ്ടാകും. സാംസ്കാരിക സമ്മേളനത്തിലേയ്ക്കും കലാവിരുന്നിലേയ്ക്കും പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്.
ജൂലൈ ഒന്ന് രാവിലെ എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. രാജ്യത്തെ 27 സംസ്ഥാനങ്ങളിൽ നിന്ന് നൂറ്റി എട്ട് പ്രതിനിധികൾ പങ്കെടുത്ത നാഷ്ണൽ ജനറൽ കൗൺസിൽ യോഗം നടന്നു.
യോഗത്തിൽ സംസ്ഥാന കമ്മറ്റി ചെയർമാൻമാരും സെക്രട്ടറിമാരും പങ്കെടുത്തു. എയ്മ ദേശീയ ചെയർമാൻ ബാബു പണിക്കർ, ദേശീയ ജനറൽ സെക്രട്ടറി പി എൻ ശ്രീകുമാർ, എയ്മ ദേശീയ കോഡിനേറ്റർ കെ. ആർ മനോജ്, സ്ഥാപക ദിന ആഘോഷ ജനറൽ കൺവീനർ ജയരാജ് നായർ തുടങ്ങിവർ പരിപാടികൾക്ക് നേതൃത്ത്വം നൽകി.
പി.കെ.ഡി. നമ്പ്യാർ അയ്മ ദേശീയ ഭാരവാഹികൾക്കായി നേതൃത്ത്വവും ആശയ വിനിമയവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അയ്മയുടെ സംസ്ഥാന ഭാരവാഹികൾ വർത്തമാന കാലത്ത് ഇടപെടേണ്ട വിഷയങ്ങളിൽ ചർച്ച നടത്തി. ജൂലൈ രണ്ട് രാവിലെ അയ്മയുടെ ദേശീയ സമ്മേളനം നടക്കും. പുതിയ ദേശീയ ഭാരവാഹികളെ അവിടെ തിരഞ്ഞെടുക്കും. എല്ലാ വർഷവും വ്യത്യസ്ഥ സംസ്ഥാനങ്ങളിൽ വെച്ചാണ് അയ്മയുടെ ദേശീയ യോഗം നടക്കുന്നത്.