20 വർഷത്തിലേറെയായി നാട്ടിൽ പോകാത്ത കർണാടക സ്വദേശി സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രത്തിൽ മരിച്ചു

New Update

publive-image

റിയാദ്: 20 വർഷത്തിലേറെയായി നാട്ടിൽ പോകാത്ത കർണാടക സ്വദേശി സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രത്തിൽ മരിച്ചു. ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിലാണ് ബംഗളുരു സ്വദേശി മുഹമ്മദ് സൈഫുദ്ദീൻ മരിച്ചത്.

Advertisment

നിയമ ലംഘകർക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിൽ സുരക്ഷാ സേനയുടെ പിടിയിലായി നാടുകടത്തൽ കേന്ദ്രത്തിലെത്തിയ ഇദ്ദേഹം ഒരുമാസമായി അവിടെ സെല്ലിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ പക്ഷാഘാതം വന്ന് തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വെച്ച് അന്ത്യം സംഭവിച്ചു.

മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കിയാൽ മതിയെന്ന് കുടുംബം അറിയിച്ചതിനെ തുടർന്ന് അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ്. 20 വർഷം മുമ്പ് ഗൾഫിൽ എത്തിയതിനുശേഷം ഇദ്ദേഹം നാട്ടിലേക്ക് വന്നിട്ടില്ലെന്നാണ് കുടുംബക്കാർ പറയുന്നത്.

അൽഖോബാറിലെ ഒരു പരസ്യ കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായാണ് ഇദ്ദേഹം എത്തിയതെന്ന് പഴയ രേഖകൾ സൂചിപ്പിക്കുന്നു. ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങൾ ഏറെയായി. സ്‍പോൺസറുമായി പിണങ്ങി പുറത്ത് ജോലിചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്. നാട്ടിലുള്ള കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധം പുലർത്തിയിരുന്നതായി പറയുന്നു.

വിവാഹം കഴിക്കാത്തതും ഇതിനിടയിൽ മാതാപിതാക്കൾ മരണപ്പെട്ടതും കാരണം നാട്ടിലേക്ക് വരണമെന്ന് നിർബന്ധിക്കാൻ ആരുമുണ്ടായിരുന്നില്ല. പരേതരായ കുത്തബ്ദീന്റെയും സുഹ്റാബീയുടേയും മൂത്തമകനാണ്. ഒരു സഹോദരനും രണ്ട് സഹോദരിമാരും നാട്ടിലുണ്ട്.

ജയിലിൽ മരിച്ചതിനാൽ സർക്കാർ ചെലവിൽ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് അറിയിച്ചിട്ടും കൊവിഡ് കാലമായതിനാൽ അതുവേണ്ട, സൗദിയിൽ തന്നെ ഖബറടക്കിയാൽ മതിയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. സാമൂഹിക പ്രവർത്തകനായ നാസ് വക്കമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

NEWS
Advertisment