ദുബായ് എക്‌സ്‌പോയിൽ കൗതുകമായി അഫ്ഗാന്റെ അടഞ്ഞ പവലിയൻ; ഉദ്ഘാടനച്ചടങ്ങിൽ താലിബാൻ പതാകയും ഒഴിവാക്കി

New Update

publive-image

ദുബായ്: ലോകത്തെ വിവിധ രാജ്യങ്ങളിലെ അത്ഭുതക്കാഴ്ചകളുടെ വേദിയൊരുക്കി കഴിഞ്ഞ ദിവസമാണ് ദുബായിൽ വേൾഡ് എക്‌സ്‌പോ ഫെയർ ആരംഭിച്ചത്. 4.38 ചതുരശ്ര കിലോമീറ്ററിലായി 200ഓളം രാജ്യങ്ങളുടെ സ്റ്റാളുകളാണ് ഇവിടെ പ്രദർശനത്തിനായി ഉള്ളത്. അതേസമയം അഫ്ഗാനിസ്താന്റെ സ്റ്റാൾ മാത്രം പൂർണമായും അടച്ചിരിക്കുകയാണ്.

Advertisment

അഫ്ഗാനിസ്താൻ, താലിബാൻ ഭരണത്തിന് കീഴിലായതോടെ അവിടുത്തെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ അടയാളമായിട്ടാണ് അവരുടെ എക്‌സിബിഷൻ പവലിയൻ പൂർണമായും അടച്ചത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടില്ല.

അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന എക്‌സ്‌പോ ആറ് മാസത്തോളം നീണ്ടു നിൽക്കും. കൊറോണ പ്രതിസന്ധി കാരണം ഇത്തവണ ഒരു വർഷം വൈകിയാണ് ഇത് ആരംഭിച്ചിരിക്കുന്നത്. ഏറെ നാളത്തെ അധ്വാനഫലമായാണ് ഓരോ രാജ്യങ്ങളും അവരുടെ സെന്ററുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നത്. അതേ രീതിയിൽ കഴിഞ്ഞ മാസം താലിബാൻ അധികാരം പിടിച്ചെടുക്കുന്നത് വരെ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു.

എന്നാൽ അതിന് ശേഷം പണികൾ പൂർത്തീകരിക്കാനായിട്ടില്ല. ആഴ്ചകളായി ഈ പവലിയനിൽ മാത്രം യാതൊരു വിധ പണികളും നടക്കുന്നില്ലെന്ന് ഇവിടുത്തെ സുരക്ഷ ഉദ്യോഗസ്ഥരും പറയുന്നു. എക്‌സ്‌പോ ഫെയർ നടക്കുന്ന ഏതെങ്കിലും ദിവസം അഫ്ഗാന്റെ പവലിയൻ തുറക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം എക്‌സ്‌പോയുടെ ആരംഭച്ചടങ്ങിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക പ്രദർശിപ്പിച്ച കൂട്ടത്തിൽ അഫ്ഗാനിസ്താന്റെ പതാക പ്രദർശിപ്പിച്ചിരുന്നു. താലിബാൻ ഈ പതാകയ്‌ക്ക് അംഗീകാരം നൽകിയിട്ടില്ല. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്റെ ഔദ്യോഗിക പതാകയായി താലിബാന്റെ പതാകയാണ് അവർ ഉയർത്തിക്കാട്ടുന്നത്. രാജ്യത്ത് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ എല്ലായിടത്ത് നിന്നും അഫ്ഗാനിസ്താന്റെ പതാകകൾ താലിബാൻ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

NEWS
Advertisment