ആദ്യ മിസ് യൂണിവേഴ്‌സ് യുഎഇ മത്സരത്തിന്, ദുബൈ ആതിഥേയത്വം വഹിക്കും; ദുബൈ അല്‍ ഹബ് തൂര്‍ സിറ്റിയിലെ ലാ പെര്‍ലെയില്‍ നവംബര്‍ ഏഴിനാണ് മത്സരം

New Update

publive-image

ദുബൈ: ആദ്യ മിസ് യൂണിവേഴ്‌സ് യുഎഇ മത്സരത്തിന് ദുബൈ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു. സംഘാടകരായ ദ് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷനും യുഗന്‍ ഇവന്റ്‌സും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്.

Advertisment

ദുബൈ അല്‍ ഹബ് തൂര്‍ സിറ്റിയിലെ ലാ പെര്‍ലെയില്‍ നവംബര്‍ ഏഴിനാണ് മത്സരം നടക്കുക. യുഎഇയില്‍ നിന്നുള്ള 18നും 28നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. http://missuniverseuae.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ ഒക്ടോബര്‍ 15ന് അല്‍ഹബ്തൂര്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന കാസ്റ്റിങില്‍ പങ്കെടുക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന 30 പേരെ ഈ മാസം 20ന് പ്രഖ്യാപിക്കും. ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഫോട്ടോഷൂട്ട്, റണ്‍വേ ചലഞ്ച്, കൊമേഴ്‌സ്യല്‍ ഷൂട്ട്, പാനല്‍ ഇന്റര്‍വ്യൂ എന്നിവ ഒക്ടോബര്‍ 20നും 30നും ഇടയില്‍ നടക്കും.

നവംബര്‍ ഏഴിന് ഫൈനലില്‍ വിജയിക്കുന്നയാള്‍ക്ക് ഡിസംബറില്‍ ഇസ്രയേലില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാം. ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക സൗന്ദര്യ മത്സരമാണ് മിസ് യൂണിവേഴ്‌സ്. മിസ് യൂണിവേഴ്‌സിന്റെ 2020 പതിപ്പ് ഈ വര്‍ഷം മേയില്‍ യുഎസിലെ ഫ്‌ലോറിഡയിലാണ് നടന്നത്. മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മേസയാണ് നിലവിലെ കിരീടാവകാശി.

(ചിത്രം-മിസ് യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ട മെക്സിക്കോയുടെ ആന്‍ഡ്രിയ മേസ)

NEWS
Advertisment