വീസ ഏജൻസിയുടെ തട്ടിപ്പിൽപ്പെട്ട് മാസങ്ങളോളം മാനസികവും ശാരീരികവുമായ പീഡനം അനുഭവിച്ച മലയാളി യുവതിക്ക് സാമൂഹിക പ്രവർത്തകരുടെ പരിശ്രമത്താല്‍ രക്ഷ

New Update

publive-image

ദുബായ്:വീസ ഏജൻസിയുടെ തട്ടിപ്പിൽപ്പെട്ട് മാസങ്ങളോളം മാനസികവും ശാരീരികവുമായ പീഡനം അനുഭവിച്ച മലയാളി യുവതിക്ക് സാമൂഹിക പ്രവർത്തകരുടെ പരിശ്രമത്താല്‍ രക്ഷ. ഇടുക്കി സ്വദേശി ലീനയാണ് ദുബായിലെ ഒരു വീട്ടിൽ നിന്നു രക്ഷപ്പെട്ട് നാട്ടിലേക്കു യാത്രയായത്

Advertisment

നഴ്സിങ് ബിരുദധാരിയായ ലീന ഒൻപത് മാസം മുൻപാണ് യുഎഇയിലെത്തിയത്. രോഗികളെ വീടുകളിൽ പരിചരിക്കാനുള്ള ഹോം കെയർ ജോലിക്ക് ആളുകളെ ആവശ്യമുണ്ട് എന്ന് ഫെയ്സ്ബുക്കിൽ പരസ്യം കണ്ട് അപേക്ഷിക്കുകയായിരുന്നു. സന്ദർശക വീസയിൽ യുഎഇയിലേക്ക് 1500 ദിർഹം മാസ ശമ്പളത്തിന് ഹോം കെയർ ‌ജോലിക്ക് 2020 ഒക്ടോബറിലായിരുന്നു വിമാനം കയറിയത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു ഇറങ്ങിയതെങ്കിലും വീസ ഏജൻസിയുടെ ആൾക്കാർ കൊണ്ടുപോയത് അജ്മാനിലേക്കായിരുന്നു. അവിടെ ജോലി അന്വേഷിച്ചെത്തിയ കുറേ സ്ത്രീകളോടൊപ്പം പരിമിതികൾക്ക് നടുവിലായിരുന്നു താമസം.

അവിടെ നിന്നും വീട്ടുജോലിക്കാരെ അന്വേഷിച്ചെത്തിയ സമ്പന്നനോടൊപ്പം അവരു‌‌‌ടെ വീട്ടിലേക്കു യാത്രയായി. മാനസികവും ശാരീരികവുമായ പീഡനം ഏറെ അനുഭവിക്കേണ്ടിവന്നു. ഉദ്യോഗസ്ഥരായ വീട്ടുടമയും ഭർത്താവും പോയാൽ കുട്ടികളുടെ കാര്യം ശ്രദ്ധിക്കണം. വീട് മുഴുവൻ വൃത്തിയാക്കണം. ഭക്ഷണം തയാറാക്കണം. ഇതൊക്കെ കൃത്യമായി ചെയ്താലും വീട്ടുടമയുടെ ഭാര്യയുടെ മര്‍ദനം പതിവായിരുന്നു.

രണ്ടര മാസത്തോളം മൊബൈല്‍ഫോൺ പിടിച്ചുവച്ചതിനാൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അങ്ങനെയിരിക്കെയാണ്, സുഹൃത്തായ മനോജ് പ്രശ്നത്തിലിടപെട്ടത്. തന്റെ ജീവിതദുരിതം പറഞ്ഞപ്പോൾ ന്യൂഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഡ്വ.ദീപാ ജോസഫിനെ ബന്ധപ്പെടുത്തിക്കൊടുക്കുകയും ഡിസ്ട്രസ് മാനേജ് മെൻ്റ് കമ്മിറ്റി (‍ഡിഎംസി) യുടെ ദുബായ് ഘടകവുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചു.

അങ്ങനെയാണ് സാമൂഹിക പ്രവർത്തകൻ അരുൺ, അഡ്വ.ഷാജഹാൻ എന്നിവർ പ്രശ്നത്തിലിടപെടുന്നത്. ജോലി സ്ഥലത്ത് നിന്ന് സാഹസിക രക്ഷപ്പെടൽ ജോലി ചെയ്തിരുന്നു ദുബായ് മുതീനയിലെ വീട്ടിൽ നിന്ന് അതിസാഹസികമായിട്ടായിരുന്നു ലീനയുടെ രക്ഷപ്പെടൽ.

വീട്ടുടമയും ഭാര്യയും ജോലിക്കും, കുട്ടികൾ സ്കൂളിലും പോയതോടെ കൈവശമാക്കിയിരുന്ന പാസ്പോർട്ടും, ബാഗുമെടുത്ത് നാട്ടുകാരനായ ടാക്സി ഡ്രൈവർ ഷിജുവിന്റെ സഹായത്തോടെ വീടുവിട്ടിറങ്ങുകയായിരുന്നു. അഡ്വ.ഷാജഹാന്റെയും അരുണിന്റെയും നിര്‍ദേശപ്രകാരം നേരെ ചെന്നത് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ. അധികൃതരുടെ സഹായത്തോടെ യാത്രയ്ക്കുള്ള നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകിട്ട് മടങ്ങുകയായിരുന്നു.

Advertisment