അഫ്‍ഗാനിസ്ഥാനില്‍ നിന്ന് യുഎഇയില്‍ എത്തിച്ചവരെ അബുദാബി കിരീടാവകാശി സന്ദര്‍ശിച്ചു

New Update

publive-image

അബുദാബി: അഫ്‍ഗാനിസ്ഥാനില്‍ നിന്ന് യുഎഇയില്‍ എത്തിച്ചവരെ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ സന്ദര്‍ശിച്ചു.

Advertisment

ഇവരെ താത്കാലികമായി പാര്‍പ്പിച്ചിരിക്കുന്ന അബുദാബിയിലെ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയന്‍ സിറ്റിയിലെത്തിയാണ് ശൈഖ് മുഹമ്മദും സംഘവും സന്ദര്‍ശിച്ചത്. അഫ്‍ഗാനില്‍ നിന്നെത്തിയ കുടുംബങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ശൈഖ് മുഹമ്മദ് വിലയിരുത്തി.

എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയന്‍ സിറ്റിയിലെ സജ്ജീകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ ശൈഖ് മുഹമ്മദിന് മുന്നില്‍ വിശദീകരിച്ചു. അഫ്‍ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കയിലേക്കോ അമേരിക്കയുടെ മേല്‍നോട്ടത്തില്‍ മറ്റ് രാജ്യങ്ങളിലേക്കോ കൊണ്ടുപോകുന്നവരെ താത്കാലികമായാണ് യുഎഇയില്‍ താമസിപ്പിച്ചിരിക്കുന്നത്.

ഇവരെ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ശൈഖ് മുഹമ്മദിനെ പരിചയപ്പെടുത്തി. യുഎഇയുടെ അതിഥികള്‍ക്ക് എല്ലാ സൗകര്യവും സഹായവും നല്‍കണമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

അവരുടെ തുടര്‍യാത്രയ്‍ക്ക് ആവശ്യമായ സാധനങ്ങളും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ദുര്‍ഘടമായ സമയങ്ങളില്‍ സഹായത്തിന്റെയും പിന്തുണയുടെയും കേന്ദ്രമായി യുഎഇ നിലകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

NEWS
Advertisment