നിങ്ങൾ യൂ കെ യിൽ പഠനത്തിനോ ജോലിക്കോ പോകുകയാണോ ? എങ്കിൽ ശ്രദ്ധിക്കുക . ഈ പോസ്റ്റ് ഞാൻ തയ്യറാക്കിയത് നിരവധിയാളുകൾ ഇതേപ്പറ്റി എന്നോടഭിപ്രായം ചോദിച്ചതുകൊണ്ടാണ്.
യുകെയിൽ പഠനത്തിനോ ജോലിക്കോ പോകുന്നവരെ ഒരു കാരണവശാലും നിരാശപ്പെടുത്താനല്ല ഞാൻ ഈ വിവരങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നതെന്ന് ആമുഖമായിത്തന്നെ പറഞ്ഞുകൊള്ളട്ടെ..
ഉപരിപഠനവുമായി ബന്ധപ്പെട്ട് ..
ഇതിനായി നമ്മുടെ നാട്ടിൽ നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. അവർ പറയുന്ന പല കാര്യങ്ങളും വസ്തുതാപരമാണോ എന്ന് ആദ്യം യുകെയിലുളള ആരോടെങ്കിലും വിശദമായി അന്വേഷിക്കണം. ഏജൻസികൾ നമ്മോട് പണം വാങ്ങാറില്ല.
അങ്ങനെ ചെയ്‌താൽ അവരുമായുള്ള കരാർ യുകെയിലെ യൂണിവേഴ്‌സിറ്റികൾ അവസാനിപ്പിക്കും. കുട്ടികളെ അയക്കുന്നതിനുപകരമായി യൂണിവേഴ്‌സിറ്റികൾ ഇവിടുത്തെ ഏജൻസികൾക്ക് കമ്മീഷൻ നൽകുന്നുണ്ട്. എന്നാൽ ചില ഏജന്റുമാർ വലിയ തുക വിദ്യാർത്ഥികളോട് ഈടാക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമാണ്. ഏജന്റുമാർ പണം വാങ്ങി സമർത്ഥമായി മുങ്ങും. പക്ഷേ ഇത് തെളിഞ്ഞാൽ നിങ്ങളുടെ യുകെ പഠനം ബുദ്ധിമുട്ടാകും.
നമ്മളറിയേണ്ട ഒരു കാര്യം, യുകെ യൂണിവേഴ്സിറ്റികൾ വിദ്യാഭ്യാസ ബിസിനസ്സാണ് നടത്തുന്നത് എന്ന വസ്തുതയാണ്. ഏജൻസികൾക്ക് അവർ വലിയ കമ്മീഷൻ നൽകുന്നതിനാൽ പല പ്രലോഭനങ്ങളും വാഗ്ദാനങ്ങളും അവർ വിദ്യാർത്ഥികൾക്ക് നൽകാറുണ്ട്.
അതിലൊന്നാണ് പഠനത്തോടൊപ്പം ജോലി എന്നത്. എത്ര സമയം വേണമെങ്കിലും നമുക്ക് ജോലി ചെയ്യാം, ക്‌ളാസ്സുകളിൽ വല്ലപ്പോഴും പോയാൽ മതി, ആവശ്യം പോലെ പണം സമ്പാദിക്കാം , ഒരു വർഷം കഴിഞ്ഞാൽ പി ആർ ( സ്ഥിരതാമസ അനുമതി) ലഭിക്കും എന്നൊക്കെയാണ് ആ മോഹനവാഗ്ദാനങ്ങൾ.
എന്നാൽ അതൊന്നുമല്ല യാഥാർഥ്യം. ഒരാഴ്ചയിൽ 20 മണിക്കൂർ മാത്രമേ പുറത്തു ജോലിചെയ്യാൻ പഠനവിസ യിൽ പോകുന്ന ആർക്കും അനുവാദമുള്ളൂ. അത് ലംഘിച്ചാൽ അഥവാ അന്വേഷണത്തിൽ കണ്ടെത്തുകയാണെങ്കിൽ നടപടിയുണ്ടാകും. ചിലപ്പോൾ നാട്ടിലേക്ക് വെറുംകൈയോടെ മടങ്ങേണ്ടിയുംവരും.
ജോലി നൽകാൻ അവിടെ ഏജൻസികളുണ്ട്. അവിടെ രജിസ്റ്റർ ചെയ്താൽ ഉടനെയൊന്നും ജോലി ലഭിക്കുകയില്ല. സമയമെടുക്കും. യുകെയിൽ തണുപ്പ് കൂടുതലായതുകൊണ്ടും വർഷത്തിൽ പകുതി ദിവസങ്ങളിലും പകൽ കേവലം 5 മണിക്കൂർ മുതൽ 8 മണിക്കൂർവരെ മാത്രം ദൈർഘ്യമുള്ളതിനാലും പഠനം കഴിഞ്ഞു ജോലിയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ആദ്യ നാളുകളിൽ കാണുന്ന ആവേശം പിന്നെപ്പിന്നെയുണ്ടാകാറില്ല. പഠിക്കാൻ പോയാൽ പഠനത്തിൽത്തന്നെ ശ്രദ്ധ നല്കണം. പഠനം കഴിഞ്ഞു 5 വർഷം അവിടെ തുടർന്നാൽ മാത്രമേ പി ആർ ലഭിക്കുകയുള്ളു. അതുവരെ ലഭിക്കുന്ന ജോലികൾക്ക് അത്ര മെച്ചപ്പെട്ട ശമ്പളം ലഭിക്കണമെന്നില്ല.
2010 കാലയളവിലുണ്ടായിരുന്ന അവസ്ഥയല്ല ഇന്ന് യുകെയിൽ. റൂം വാടക ഇരട്ടിയിലധികമാണ്. വെള്ളം, വൈദ്യുതി, ഗ്യാസ്, ആഹാരസാധനങ്ങൾ ഇവയ്ക്കൊക്കെ വലിയ വർദ്ധനവാണ് യുകെയിൽ ഉണ്ടായിരിക്കുന്നത്.
പഠനത്തിനായി യുകെയിൽ പോകുന്നവർ ദയവായി വീടും വസ്‌തുവുമൊന്നും പണയപ്പെടുത്തി ബാങ്ക് ലോൺ എടുത്തു പോകാത്തിരിക്കുന്നതാണ് ഉചിതം. അവിടെ ചെന്ന് പുറത്തുജോലിചെയ്‌ത് അതൊന്നും ഒരിക്കലും വീട്ടാൻ കഴിയില്ല എന്നതാണ് വാസ്തവം.
പഠനം കഴിഞ്ഞാലും നല്ലൊരു തുക അയക്കാനുള്ള പ്രാപ്തി നിങ്ങൾക്കുണ്ടാകണമെന്നുമില്ല. അത് നിങ്ങളെ മാനസിക പിരിമുറക്കത്തിലെത്തിക്കാം. ടെൻഷൻ മൂലം പഠനം വരെ അവതാളത്തിലാകാം. സാമ്പത്തികബാദ്ധ്യതയുടെ സമ്മർദ്ദം മൂലം അടുത്തിടെ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയുണ്ടായി.
അതുകൊണ്ട് ..
കടപ്പെടുത്താതെ യുകെയിൽ പഠനത്തിനും താമസത്തിനുമുള്ള പണം നിങ്ങളുടെ കയ്യിലുണ്ടെങ്കിൽമാത്രം അവിടേക്ക് പോകുക. പഠനത്തിൽ നന്നായി ശ്രദ്ധിക്കുക. പൊടിപ്പും തൊങ്ങലും നിറങ്ങളും ചാർത്തിയുള്ള ഒരു പ്രലോഭനങ്ങളിലും ദയവായി വീഴാതിരിക്കുക.
കാരണം യുകെ ഇന്ന് പഴയ യുകെ അല്ല. വരുമാനത്തേക്കാളുപരി ചെലവാക്കേണ്ട അവസ്ഥയാണ് ഇന്നവിടെയുള്ളത്. പാർട്ടി ടൈം ജോലി ആഗ്രഹിക്കുംപോലെ ലഭിക്കണമെന്നില്ല. മാത്രവുമല്ല അത് ആരോഗ്യപരമായും മാനസികമായും വലിയ റിസ്‌ക്കാണ്. വിലക്കയറ്റം അവിടെ അതിരൂക്ഷമാണ്. പഴയ സ്വപ്നഭൂമിയല്ല യുകെ എന്ന് സാരം.
ഇനി നേഴ്‌സുമാരോട് ..
ഒരു കാരണവശാലും ഏജന്റുമാരുടെ വലയിൽ വീഴുകയോ അവർക്ക് പണം കൊടുക്കുകയോ ചെയ്യരുത്. അത് നിയമവിരുദ്ധമാണ്. അക്കാര്യം അറിയപ്പെടാനിടയായാൽ നിങ്ങളുടെ ജോലിതന്നെ നഷ്ടമായേക്കും.
യുകെയിൽ ഒരു നേഴ്സിന് ലഭിക്കുന്ന ശമ്പളം മാസം 1800 മുതൽ 2000 പൗണ്ട് വരെയാണ്. അതായത് ഇന്ത്യൻ രൂപ 2 ലക്ഷം വരെ. ഇതിൽ താമസസൗകര്യം , ഭക്ഷണം, ടാക്സ് , വൈദ്യുതി, വെള്ളം, ഗ്യാസ് എന്നിവയ്ക്കായി ഇന്നത്തെ നിലയിൽ 1500 - 1700 പൗണ്ട് ചെലവാകും.
കുട്ടികളെ കൊണ്ടുപോകുകയാണെങ്കിൽ ഒപ്പം ഭർത്താവിനെയും കൊണ്ടുപോകണം. കുട്ടികളെ ഒറ്റയ്ക്ക് വീട്ടിലാക്കുക യുകെയിൽ അസാദ്ധ്യവും നിയമവിരുദ്ധവുമാണ്. അങ്ങനെ സംഭവിച്ചാൽ ഉറപ്പായും നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാം .. ശിക്ഷിക്കപ്പെടാം.
കുട്ടികളെ സർക്കാർ ഏറ്റെടുക്കുകയും ചെയ്യും. വിട്ടുകിട്ടുക പ്രയാസമാണ്. 18 വയസ്സുവരെ. യുകെയിൽ കുട്ടികളെ പ്രൈവറ്റ് സ്‌കൂളുകളിൽ വിട്ടു പഠിപ്പിക്കുന്നത് ഭാരിച്ച ചെലവാണ്.
കുടുംബത്തെ ഒപ്പം കൊണ്ടുപോകുന്ന സാഹചര്യത്തിൽ കുട്ടികളെ നോക്കാൻ ഒരാൾ സദാ വീട്ടിലുണ്ടാകണം. ജോലിക്കാരെ കിട്ടുക ബുദ്ധിമുട്ടാണ്. കിട്ടിയാൽത്തന്നെ അവർക്കുള്ള ഉയർന്ന ശമ്പളം കൊടുക്കുക അസാദ്ധ്യമാണ്. ഭാര്യ ജോലികഴിഞ്ഞെത്തിയിട്ട് ഭർത്താവിന് അനുയോജ്യമായ ഒരു ജോലികണ്ടുപിടിച്ചാൽ അതിനുപോകാൻ കഴിയും.
രണ്ടുപേരും കൂടി ജോലിക്കു പോകുന്ന സാഹചര്യമുണ്ടായാൽ എന്തെങ്കിലും പണം മിച്ചം പിടിക്കാനാകും. കുടുംബവും കുട്ടികളുമുണ്ടെങ്കിൽ രണ്ടുപേരും ഏതെങ്കിലും തരത്തിൽ സമയം അഡ്ജസ്റ്റ് ചെയ്‌ത് ജോലി ചെയ്തില്ലെങ്കിൽ യുകെയിൽ ജീവിക്കാൻ കഴിയില്ല എന്നതാണ് പരമമായ സത്യം. ഇനി വർഷാവർഷം നാട്ടിൽ വരുന്നതും ബുദ്ധിമുട്ടാണ്. പോക്കുവരവിനുള്ള ഫ്ലൈറ്റ് ചാർജ് തന്നെ ഭാരിച്ചതാണ്.
കുടുംബമായി താമസിക്കുന്നവർക്ക് വാഹനം അത്യാവശ്യമാണ്. ജോലിക്കുപോകാനും കുട്ടികളെ സ്‌കൂളിൽ വിടാനും മാർക്കറ്റ് ആവശ്യത്തിനുമൊക്കെ വാഹനമുണ്ടായേ പറ്റുകയുള്ളു. യുകെയിൽ വാഹനങ്ങൾ ലോണിൽ ലഭ്യമാണ്. അതിനുള്ള ടാക്സ് കൂടാതെ പെട്രോൾ/ ഡീസൽ വിലകൾ ഇന്ത്യയേക്കാൾ ഇരട്ടിയിലധികമാണ്. അപ്പോഴും ചെലവ് കൂടുകയാണ്.
യുകെയിൽ ജോലിക്കുപോയാൽ പണം വാരിക്കൂട്ടാമെന്ന മോഹമൊക്കെ വെറുതെയാണ്. അവിടുത്തെ ജീവിതച്ചെലവ് അത്ര ഭരിച്ചതാണ്.
യുകെയിൽ ഒരു ഐ ടി എൻജിനീയർക്ക് 3000 -4000 പൗണ്ട് മാസം സാലറി ലഭ്യമാണ്. അതായത് 4 ലക്ഷം വരെ. അവരും കുടുംബമായി അവിടെ ജീവിക്കണമെങ്കിൽ ഭാര്യയും ജോലിക്കു പോയേ മതിയാകൂ. അല്ലെങ്കിൽ കാര്യമായ മിച്ചമൊന്നും ഉണ്ടാകുകയില്ല.
ഒരു 2 BHK വീട് അൽപ്പം സിറ്റി ഏരിയയിൽ വേണമെങ്കിൽ 1000 -1500 പൗണ്ടാണ് മാസ വാടക. സർക്കാർ ഗ്രാമർ സ്‌കൂളുകളിൽ സൗജന്യ പഠനം ക്ലാസ്സ് 6 th മുതലാണ്. അതിലും എൻട്രൻസ് പാസാക്കണം. അതൊരു കടമ്പയാണ്. സാമാന്യം നിലവാരമുള്ള പ്രൈവറ്റ് സ്‌കൂളുകളിൽ ഫീസ് വളരെ കൂടുതലാണ്. രണ്ടു കുട്ടിക ളുടെ പഠനത്തിനുതന്നെ വലിയ തുക ചെലവാകും.
ഇത്രയും ശമ്പളമുള്ള എഞ്ചിനീയർ , ഡോക്ടർ മുതലായവർ പോലും വർഷാവർഷം നാട്ടിൽവരാറില്ല. ഫ്ലൈറ്റ് ടിക്കറ്റ് ഉൾപ്പെടെ ചെലവ് തന്നെയാണ് കാരണം. പലരും എമിറേറ്റ്സ് പോലുള്ള മുന്തിയ ഫ്ലൈറ്റുകളിൽ വരാതെ എയർ ഇന്ത്യപോലുള്ള ബജറ്റ് ഫ്ലൈറ്റുകളിൽ ഡൽഹി - മുംബൈ വഴിയാണ് നാട്ടിൽ വരുന്നത്.
കേരളത്തിലെ അവസ്ഥ ഗുരുതരമാണ്. ജോലിലഭ്യത വളരെ കുറവാണ്. എവിടെയെങ്കിലും പോയി രക്ഷപെടണമെന്നാണ് ഭൂരിഭാഗം അഭ്യസ്ഥവിദ്യരുടെയും ആഗ്രഹം.
അവിടെ വളരുന്ന കുട്ടികളുടെ ഭാവി ?
അവർ ഒരിക്കലും ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ല. ആ അന്തരീക്ഷവും അവിടുത്തെ ജീവിതരീതി കളും ചിട്ടവട്ടങ്ങളും ഇവിടവുമായി ഒരിക്കലും പൊരുത്തപ്പെടില്ല.
യുകെ , യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ പഠിച്ചുവളർന്ന 18 വയസുകഴിഞ്ഞ ഒരാളും ഇന്ത്യയിൽ വന്നു താമസിക്കാൻ ആഗ്രഹിക്കുന്നില്ല . അവർക്ക് ഇവിടെ അഡ്ജസ്റ്റ് ചെയ്യാൻ ഒരിക്കലുമാകില്ല. അവിടെല്ലാമുള്ള മലയാളികളുടെ ദുഖവും അതുമാത്രമാണ്.
വിദേശത്തുപോയി കഷ്ടപ്പെട്ട് പണമുണ്ടാക്കി നാട്ടിൽ വീടും സ്വത്തുമെല്ലാമായപ്പോൾ താമസിക്കാൻ മക്കൾ തയ്യാറല്ല എന്നതുകൂടാതെ ഇന്ത്യയിലേക്ക് വരാൻ പോലും അവർ താല്പര്യപ്പെടുന്നില്ല. ആ തലമുറ നമ്മിൽ നിന്നും പൂർണ്ണമായും അകലുകയാണ്. അതൊരു സത്യമാണ്.
യുകെയിൽ പഠിക്കാനും ജോലിക്കും പോകുന്നവരെ നിരുത്സാഹപ്പെടുത്താനോ പിന്തിരിപ്പിക്കാനോ അല്ല ഇതെല്ലം എഴുതിയത്. അവിടുത്തെ സാഹചര്യങ്ങൾ സത്യസന്ധമായി വിവരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് നിങ്ങളാണ്.
- പ്രകാശ് നായർ മേലില