/sathyam/media/post_attachments/yFeDauoyDXCVIoU3d9AV.jpg)
കൊച്ചി: ഐഐടി മദ്രാസ് ആഫ്രിക്കയിലെ സാന്‍സിബാര്‍-ടാന്‍സാനിയയില്‍ ഒരു അന്താരാഷ്ട്ര ക്യാമ്പസ് ആരംഭിക്കുന്നു. തുടക്കത്തില്‍ രണ്ട് മുഴുവന്‍ സമയ അക്കാദമിക് പ്രോഗ്രാമുകളാകും നടത്തുക. 70 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ പ്രവേശനം. നാല് വര്‍ഷ ബിഎസ് (ഡേറ്റാ സയന്‍സ് ആന്റ് എഐ) , രണ്ട് വര്‍ഷ മാസ്റ്റര്‍ ഓഫ് ടെക്‌നോളജി ഇന്‍ (ഡേറ്റാ സയന്‍സ് ആന്റ് എഐ) എന്നിവയാണ് കോഴ്‌സുകള്‍. 2023 ബാച്ചിലേക്കുള്ള അപേക്ഷ നിലവില്‍ ആരംഭിച്ചിട്ടുണ്ട്.
സാന്‍സിബാര്‍ ദ്വീപിലെ 200 ഏക്കറില്‍ വ്യാപിക്കുന്നതായിരിക്കും സ്ഥിരം കാംപസ്. ക്യാംപസിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത് ഐഐടി മദ്രാസിലെ വിദഗ്ധരാണ്. ഇന്ത്യക്കും സാന്‍സിബാര്‍-ടാന്‍സാനിയക്കും ഇടയില്‍ സുപ്രധാന മാറ്റങ്ങള്‍ക്കുതകുന്ന തരത്തിലുള്ള വിദ്യാഭ്യാസ പങ്കാളിത്തമുണ്ടാക്കുക എന്നതാണ് പുതിയ ക്യാമ്പസിലൂടെ ലക്ഷ്യം വെക്കുവന്നത്. പ്രാരംഭ ഘട്ടത്തില്‍ ഐഐടി മദ്രാസില്‍ നിന്നോ ഇന്ത്യയില്‍ നിന്നോ ഉള്ള ഫാക്കല്‍റ്റികളായിരിക്കും ക്യാമ്പസില്‍ റിക്രൂട്ട് ചെയ്യുക. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു.
ചെന്നൈയിലെ ഐഐടി മദ്രാസില്‍ 2023 ജൂലൈ മുതല്‍ ആരംഭിക്കുന്ന വിഭിന്ന ഡിഗ്രി പ്രോഗ്രാമുകള്‍ പഠിക്കുന്നതിന് ടാന്‍സാനിയയിലെ പൗരന്‍മാര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള ഐഐടിഎം സെനറ്റ് അംഗീകരിച്ച അഡ്മിഷന്‍ നടപടിക്രമം അനുസരിച്ച് അതില്‍ ഐഐടി മദ്രാസിലെ ഫാക്കല്‍റ്റി വിദഗ്ധര്‍ തയ്യാറാക്കിയ സ്‌ക്രീനിങ് ടെസ്റ്റും ഇന്റര്‍വ്യൂവും കഴിഞ്ഞായിരിക്കും പ്രവേശനം ലഭിക്കുക. സാന്‍സിബാറില്‍ തങ്ങളുടെ ഒരു ക്യാംപസ് തുടങ്ങുകയെന്നത് ഐഐടി മദ്രാസിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ഉന്നത വിദ്യാഭ്യാസ പങ്കാളിത്തത്തിന് ഇത് വളരെ സഹായകരമാകുമെന്നും ഐഐടി മദ്രാസ് ഡയറക്ടര്‍ വി. കാമകോടി പറഞ്ഞു.