ഡൽഹി: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണം തട്ടിപ്പു നടത്തിയ കേസിൽ നടി ചാർമിയെ ഇഡി ചോദ്യം ചെയ്തു. ഇഡി നോട്ടീസ് നൽകിയതിന് അനുസരിച്ച് ഇന്നു രാവിലെയാണ് ചാർമി ചോദ്യം ചെയ്യലിനെത്തിയത്. 2017 ലാണ് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കൽ കേസിൽ നടിയെ അറസ്റ്റ് ചെയ്തത്.
റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോൾ ചില തെലുങ്ക് സിനിമ പ്രവർത്തകരുടെയും പേരുകളും പുറത്തുവന്നിരുന്നു. തെലങ്കാനയിലെ പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണത്തിന്റെ ഭാഗമായി ടോളിവുഡുമായുള്ള മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു.
നടന്മാരും സംവിധായകരും ഉൾപ്പെടെ തെലുങ്ക് സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട 11 പേരെ ചോദ്യം ചെയ്യുകയും ചെയ്തു. നടൻമാരിൽ ഒരാളുടെ മുടിയുടെയും നഖത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
രാകുൽ പ്രീത് സിങ്, റാണാ ദഗ്ഗുബാട്ടി, രവി തേജ, നവദീപ്, മുമൈത്ത് ഖാൻ എന്നിവർക്കും കേസുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ട്.ഇതേ കേസിൽ നേരത്തെ സംവിധായകൻ പുരി ജഗന്നാഥിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.