മലയാള സിനിമ

യാത്രകളെ പ്രണയിച്ച് പ്രണവും വിസ്മയയും; ശ്രദ്ധനേടി ചിത്രങ്ങൾ

ഫിലിം ഡസ്ക്
Saturday, September 18, 2021

 

സിനിമയേക്കാൾ യാത്രകളെ പ്രണയിക്കുന്നവരാണ് മോഹൻലാലിൻറെ മക്കളായ പ്രണവും വിസ്മയയും. ഇരുവരും സുഹൃത്തുക്കൾക്കൊപ്പം എപ്പോഴും യാത്രകളിലാണ്. നായകനായി അഭിനയിച്ച ആദ്യ സിനിമയുടെ പ്രൊമോഷനോ റിലീസിനോ കാത്തുനിൽക്കാതെ ഹിമാലയത്തിലേക്ക് യാത്ര പോയ ആളാണ് പ്രണവ് മോഹൻലാൽ.

വിസ്മയയും ലോക്ക്ഡൗൺ കാലത്ത് യാത്രയുമായി വീട്ടിൽ നിന്നും മാറി സുഹൃത്തുക്കൾക്കൊപ്പമായിരുന്നു. ഇപ്പോഴിതാ, പ്രണവും വിസ്മയയും ഒന്നിച്ച് ഒരു യാത്രയിലാണ്. പ്രണവിനും പ്രിയദർശന്റെയും ലിസിയുടെയും മകൻ സിദ്ധാർത്ഥിനും സുഹൃത്തുക്കൾക്കും ഒപ്പമാണ് വിസ്മയയുടെ യാത്ര.

ട്രക്കിങ്ങിന്റെയും മലനിരകളിലെ ടെൻറ്റ് കെട്ടിയുള്ള താമസത്തിന്റെയുമെല്ലാം ചിത്രങ്ങൾ വിസ്മയ പങ്കുവെച്ചിട്ടുണ്ട്. സിനിമാതാരങ്ങളുടെ മക്കൾ പൊതുവെ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് അഭിനയലോകത്തേക്ക് എത്തുന്നത് പതിവാണ്.

അങ്ങനെയുള്ള ഒട്ടേറെ താരോദയങ്ങൾ മലയാള സിനിമയിലും ഉദാഹരണമായുണ്ട്. എന്നാൽ, പ്രണവ് അഭിനയത്തിലേക്ക് എത്തിയെങ്കിലും വിസ്മയയുടെ പാത വ്യത്യസ്തമാണ്. മുൻപ് തന്നെ, ആയോധന കലകളും കായിക പരിശീലനവുമൊക്കെയായി ശ്രദ്ധനേടിയ വിസ്മയ എഴുത്തുകാരിയെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു.

×