ഇന്ത്യന്‍ സിനിമ

ചിത്രീകരണം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം; അരവിന്ദ് സ്വാമിയുടെ ‘കള്ളപാര്‍ട്ട്’ ഫസ്റ്റ് ലുക്ക്

ഫിലിം ഡസ്ക്
Saturday, September 18, 2021

2018ല്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണ് അരവിന്ദ് സ്വാമി നായകനാവുന്ന ‘കള്ളപ്പാര്‍ട്ട്’. പക്ഷേ പല കാരണങ്ങളാല്‍ നീണ്ടുപോയ ചിത്രം ഇനിയും പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. ഇപ്പോഴിതാ പേരില്‍ കൗതുകമുണര്‍ത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

വിജയ് സേതുപതിയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി കൈയില്‍ ഒരു ഗ്രിപ്പ് ബാന്‍ഡേജ് കെട്ടുകയാണ് പോസ്റ്ററില്‍ അരവിന്ദ് സ്വാമിയുടെ നായകന്‍. രാജപാണ്ടി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രത്തില്‍ റെജിന കസാന്‍ഡ്രയാണ് നായിക.

ശരണ്യ പൊന്‍വണ്ണന്‍, ആനന്ദ്‍രാജ്, ഹരീഷ് പേരടി, ബേബി മോണിക്ക എന്നിവര്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. അരവിന്ദ് കൃഷ്‍ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് നിവാസ് കെ പ്രസന്നയാണ്.

എഡിറ്റിംഗ് ഇളയരാജ, സംഭാഷണം രാധാകൃഷ്‍ണന്‍, സംഘട്ടനം മൈറാക്കിള്‍ മൈക്കിള്‍. ഒരു സാധാരണ നായികാ- നായകന്‍ സിനിമയല്ല ചിത്രമെന്ന് സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളേ ചിത്രത്തില്‍ ഉള്ളൂവെന്നും.

×