വിഘ്‍നേഷിന് നയന്‍താരയുടെ പിറന്നാള്‍ സര്‍പ്രൈസ്; വൈറലായി ചിത്രങ്ങള്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

നയന്‍താരയുമായുള്ള തന്‍റെ ഇഴയടുപ്പമുള്ള ബന്ധത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട് സംവിധായകന്‍ വിഘ്നേഷ് ശിവന്‍. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഈയിടെ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തുകയും ചെയ്‍തിരുന്നു.

Advertisment

ഇപ്പോഴിതാ തന്‍റെ പിറന്നാളിന് നയന്‍താര ഒരു ചെറിയ സര്‍പ്രൈസ് നല്‍കിയതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. പുതിയ സിനിമയുടെ സെറ്റില്‍ ഒരു കേക്ക് കട്ടിംഗ് പാര്‍ട്ടിയാണ് നയന്‍താര ഒരുക്കിയത്. 'വിത്ത് ലവ് റൗഡി' എന്ന് എഴുതി അലങ്കരിച്ചതടക്കം രണ്ട് കേക്കുകളും മറ്റു ചില സമ്മാനങ്ങളുമാണ് നയന്‍കതാര നല്‍കിയത്.

പശ്ചാത്തലത്തില്‍ പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളുമുണ്ട്. "സന്തോഷകരമായ ഈ പിറന്നാള്‍ സര്‍പ്രൈസിന് നന്ദി തങ്കമേ, പിന്നെ എന്‍റെ ജീവിതത്തിലെ നിന്‍റെ പകരംവെക്കാനാവാത്ത സാന്നിധ്യത്തിനും", വിഘ്നേഷ് ശിവന്‍ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നയന്‍താരയുടെ അമ്മ ഓമന കുര്യന്‍റെ പിറന്നാള്‍ ആഘോഷത്തിനും വിഘ്നേഷ് എത്തിയിരുന്നു. അതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വിഘ്നേഷ് പങ്കുവച്ചിരുന്നു.

തങ്ങളുടെ വിവാഹനിശ്ചയം ഒരു ചെറിയ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നെന്നും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തതെന്നും നയന്‍താര ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയകാംക്ഷികളെയും അറിയിക്കുമെന്നും.

വിഘ്നേഷുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ചും പ്രസ്‍തുത അഭിമുഖത്തില്‍ നയന്‍താര വാചാലയായിരുന്നു. വിഘ്നേഷിനെ പരിചയപ്പെട്ടതിനു ശേഷം ജോലിയില്‍ തനിക്കുള്ള ആവേശം ഇരട്ടിച്ചെന്ന് നയന്‍താര പറഞ്ഞു. "ഏറെ ആഗ്രഹിക്കാനാണ് വിഘ്നേഷ് പ്രചോദിപ്പിക്കാറ്. സ്നേഹിക്കപ്പെടുന്നു എന്ന തോന്നല്‍ പ്രധാനമാണ്. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ അവിടെനിന്ന് അനുമതി ചോദിക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ അദ്ദേഹത്തോട് ഞാന്‍ എല്ലാ കാര്യങ്ങളും പറയാറുണ്ട്", നയന്‍താര പറയുന്നു.

വിഘ്നേഷിന്‍റെ കരിയറിലെ രണ്ടാം ചിത്രമായിരുന്ന 'നാനും റൗഡി താനി'ന്‍റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു. പോകെപ്പോകെ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.

cinema
Advertisment