ഇന്ത്യന്‍ സിനിമ

സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം 96 ഹിന്ദിയിലേക്ക്

ഫിലിം ഡസ്ക്
Wednesday, September 22, 2021

ചില സിനിമകളുണ്ട്, തിയേറ്ററുകളിലെത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടാലും പ്രേക്ഷക മനസ്സുകളില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍ക്കുന്ന സിനിമകള്‍. തിയേറ്ററുകളിലെത്തിയിട്ട് മൂന്ന് വര്‍ഷത്തോട് അടുക്കുന്ന ചിത്രമാണ് 96. പക്ഷെ സിനിമയിലെ രംഗങ്ങളും പാട്ടുമൊന്നും പ്രേക്ഷകരില്‍ നിന്ന് മാഞ്ഞു തുടങ്ങിയിട്ടില്ല. 96 എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അജയ് കപൂറാണ് ചിത്രത്തിന്റെ ഹിന്ദി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഹിന്ദിയില്‍ അണിനിരക്കുന്ന താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.

സി പ്രേംകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 96. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ ഭേദിച്ച് പ്രേക്ഷക മനസ്സുകളില്‍ ചിത്രം ഇടം നേടി. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ ഓരോ ഗാനങ്ങളും ചില രംഗങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബോക്സ്ഓഫീസിലും ചിത്രം വിജയം നേടി.

2018 ഒക്ടോബര്‍ നാലിനാണ് ’96’ തിയേറ്ററുകളിലെത്തിയത്. തികച്ചും വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ചതും. 1996 ലെ സ്‌കൂള്‍ പ്രണയമായിരുന്നു ചിത്രത്തിലെ മുഖ്യ പ്രമേയം. കഥാപാത്രത്തിന്റെ വ്യത്യസ്തമായ മൂന്നു ഘട്ടങ്ങളേയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. പ്രണയത്തിന്റെ ആര്‍ദ്രതയും നഷ്ടപ്രണയത്തിന്റെ നൊമ്പരവുമെല്ലാം ചിത്രത്തില്‍ പ്രതിഫലിച്ചു.

×