തെന്നിന്ത്യൻ യുവ സൂപ്പർ താരം വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയുന്ന ചിത്രമാണ് ലൈഗർ. പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് തെലുങ്ക് ചിത്രം നിർമിക്കുന്നത്.
ഈ ചിത്രത്തിലൂടെ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ മൈക്ക് ടൈസൺ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.നിർമാതാവായ കരൺ ജോഹർ ട്വിറ്ററിലൂടെയാണ് മൈക്ക് ടൈസൺ ചിത്രത്തിൽ അഭിനയിക്കുന്ന വാർത്ത സ്ഥിരീകരിച്ചത്.
‘ഇതാദ്യമായി ബോക്സിംഗ് റിംഗിലെ രാജാവ് ഇന്ത്യൻ സിനിമയിലൂടെ ബിഗ് സ്‌ക്രീനിൽ എത്തുന്നു. മൈക്ക് ടൈസണ് ലൈഗറിലേക്ക് സ്വാഗതം’- കരൺ ജോഹറിന്റെ വാക്കുകൾ. ചിത്രത്തിന്റെ ക്‌ളൈമാക്‌സ് രംഗങ്ങളിൽ അതിഥി വേഷത്തിൽ എത്തും എന്നാണ് സൂചന.
വിജയ് ദേവരക്കൊണ്ടയുടെ നായികയായി എത്തുന്നത് ബോളിവുഡ് യുവ താരം അനന്യ പാണ്ഡേയാണ്. ചിത്രത്തിൽ ഒരു മിക്സഡ് മാർഷ്യൽ ആർട്സ് പോരാളിയുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. ഗോവയിൽ ലൈഗറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ 65% പൂർത്തിയായി.
ചിത്രം ഒടിടിയിൽ എത്തുന്നുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, വിജയ് ദേവരക്കൊണ്ട തന്നെ ചിത്രത്തിന് തിയേറ്ററുകളിൽ റിലീസ് ഉണ്ടാകുമെന്ന് വ്യക്തമാക്കി. ഹിന്ദി, തെലുങ്ക് ഉൾപ്പെടെ 5 ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. രമ്യ കൃഷ്ണൻ, മകരന്ദ് ദേശ്പാണ്ഡെ, റോണിത് റോയ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
For the first time ever, the king of the ring will be seen on the big screens of Indian cinema! Welcoming @MikeTyson to the #LIGER team!? #NamasteTyson@TheDeverakonda@ananyapandayy#PuriJagannadh@charmmeofficial@apoorvamehta18@RonitBoseRoy@meramyakrishnan@iamVishuReddypic.twitter.com/pl5AnUSB35
— Karan Johar (@karanjohar) September 27, 2021