പ്രിയ കലാകാരൻ ബാലഭാസ്‌കർ വിട പറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം. ബാലഭാസ്‌കറെന്ന അതുല്യ പ്രതിഭയുടെ സംഗീതം നിലച്ച വാർത്തയുടെ ഞെട്ടലിലേക്കാണ് 2018 ഇതേ ദിവസം പുലർന്നത്. മറക്കാനാവാത്ത സംഗീതം പോലെ ഇന്നും ആ വേദന മലയാളികളെ അലട്ടിക്കൊണ്ടേയിരിക്കുന്നു.
2018 സെപ്റ്റംബർ 25 ന് പുലർച്ചെ 4.30ഓടെയാണ് പള്ളിപ്പുറം ജംഗ്ഷന് സമീപം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. ഒരാഴ്ചക്ക് ശേഷം ബാലഭാസ്‌കറും.
കോരാണിയിൽ ദേശീയപാതയ്‌ക്ക് സമീപമുള്ള മരത്തിൽ നിയന്ത്രണം തെറ്റിയ ഇന്നോവ കാറിടച്ചാണ് മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ബാലഭാസ്‌കറും രണ്ടരവയസ്സുകാരി മകൾ തേജസ്വനിയും വിടവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുനും സാരമായി പരിക്കേറ്റിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബാല ഓക്ടോബർ രണ്ടിന് ലോകത്തോട് വിടപറഞ്ഞു. വിവാഹിതരായി 16 വർഷങ്ങൾക്കുശേഷമാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും മകൾ പിറന്നത്. മകൾ തേജസ്വിനിയുടെ പേരിലുളള വഴിപാടിനായി തൃശ്ശൂരിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
എന്നാൽ, അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയർത്തിയത്. വാഹനമോടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്ന് അർജ്ജുനും, അല്ല അർജ്ജുനാണെന്ന് ലക്ഷ്മിയും മൊഴി നൽകിയതോടെ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കൾ സ്വർണ കടത്തുകേസിൽ പ്രതികളായി.
ഇതോടെ പണം തട്ടിയടുക്കാൻ ബാലഭാസ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂർച്ചയേറി. ശാസ്ത്രീയ പരിശോധനക്കൊടുവിൽ അർജ്ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി. അർജുനാണ് വാഹനമോടിച്ചതെങ്കിലും ആസൂത്രിതമായ അപകടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ക്രൈംബ്രാഞ്ചിന് പിന്നാലെ സിബിഐയും കേസ് അന്വേഷിച്ചെങ്കിലും അപകടമരണം തന്നെയാണെന്ന കണ്ടെത്തലിലാണ് അവരും എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ കോടതിയിൽ നൽകുകയും ചെയ്തു. കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്ന കലാകാരനാണ് ബാലഭാസ്‌കർ. മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിരവധി സംഗീത ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.
നിനക്കായ്, ആദ്യമായ് എന്നിവ പ്രശസ്ത സംഗീത ആൽബങ്ങളാണ്. ഫ്യൂഷൻ മ്യൂസിക് മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് ബാലഭാസ്‌കറാണ്. നിരവധി പ്രശസ്തർക്കൊപ്പം ഫ്യൂഷൻ മ്യൂസിക് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാൻ യുവ സംഗീത്കാർ പുരസ്‌കാർ 2008ൽ ബാലഭാസ്‌കറിന് ലഭിച്ചിട്ടുണ്ട്.
സ്‌റ്റേജ് ഷോകൾ ആയിരുന്നു ബാലഭാസ്‌കറിനെ കൂടുതൽ ജനപ്രിയനാക്കിയത്. ഷോയ്‌ക്കിടയിൽ കളിപ്പാട്ട വയലിനിൽ നിന്നുപോലും ശ്രുതിമധുരമായ സംഗീതം മീട്ടി അദ്ദേഹം ആസ്വാദകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഏത് കഠിനമായ പാട്ടുകളും ബാലുവിന്റെ വയലിനിൽ അനായാസം പുനർജ്ജനിക്കുന്നത് ആസ്വാദകർ വിസ്മയത്തോടെയാണ് എന്നും നോക്കിയിരുന്നത്. ഉയർച്ചയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ വിധി തട്ടിയെടുത്ത ബാലുവിന്റെ ജീവിതം ഇന്നും ചലച്ചിത്രലോകത്തിന് നികത്താനാകാത്ത നഷ്ടമായി അവശേഷിക്കുകയാണ്.