മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും മകളായ കല്യാണി അഭിനയലോകത്ത് സജീവമാണ്. 2013ലാണ് സിനിമാ മേഖലയിലേക്ക് എത്തിയതെങ്കിലും 2017ലാണ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. തെലുങ്ക് ചിത്രമായ ഹലോയിൽ അഖിൽ അക്കിനേനിയുടെ നായികയായാണ് കല്യാണി തുടക്കം കുറിച്ചത്.
വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ് നടി. അതിനിടയിലുള്ള സാമ്യം യാത്രകൾക്കായും മാറ്റിവയ്ക്കാറുണ്ട് കല്യാണി. ഇപ്പോഴിതാ, രസകരമായൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. സിനിമ വർക്ക്ഔട്ട് ആയില്ലെങ്കിലും ഇനി ജീവിച്ചുപോകാൻ ഒരു ബാക്കപ്പ് കരിയർ ആയി എന്നാണ് വിഡിയോക്ക് ഒപ്പം നടി കുറിച്ചിരിക്കുന്നത്.
ഫിൽറ്റർ കോഫീ ഉണ്ടാക്കുന്ന വിഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. കല്യാണി തന്റെ കരിയർ ആരംഭിച്ചത് പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിലിന്റെ അസിസ്റ്റന്റായിട്ടാണ്. 2013 ൽ പുറത്തിറങ്ങിയ ഹൃത്വിക് റോഷൻ അഭിനയിച്ച ബോളിവുഡ് ചിത്രം ‘ക്രിഷ് 3’യിലൂടെയാണ് നടി സിനിമാ ലോകത്തേക്ക് എത്തിയത്.
കുറച്ച് വർഷങ്ങൾ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചതിന് ശേഷം കല്യാണി അഭിനയത്തിലേക്ക് ചുവടുമാറ്റി. തെലുങ്കിലെ രണ്ട് സിനിമകൾക്ക് ശേഷം ശിവകാർത്തികേയൻ നായകനായ ‘ഹീറോ’ എന്ന ചിത്രത്തിലൂടെയാണ് കല്യാണി തമിഴിൽ അരങ്ങേറ്റം കുറിച്ചത്.
വളരെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന കല്യാണിയുടെ ആദ്യ മലയാള ചിത്രമാണ് വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, ഉർവശി, കെ പി എ സി ലളിത, ദുൽഖർ സൽമാൻ മുതലായവരാണ് കല്യാണിക്കൊപ്പം വേഷമിട്ടത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഹൃദയ’ത്തിലാണ് കല്യാണി പ്രിയദർശൻ അടുത്തതായി അഭിനയിക്കുന്നത്. പ്രണവ് മോഹൻലാലാണ് നായകൻ. അച്ഛൻ പ്രിയദർശന്റെ വരാനിരിക്കുന്ന ചിത്രമായ ‘മരക്കാർ: അറബിക്കടാലിന്റെ സിംഹം’ എന്ന സിനിമയിലും കല്യാണി വേഷമിടുന്നുണ്ട്.