ഇന്ത്യന്‍ സിനിമ

കയ്യിൽ പണമില്ലാതെ എങ്ങനെ ലഹരി വാങ്ങും: ആര്യൻ ഖാന്റെ അഭിഭാഷകൻ കോടതിയിൽ, ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്ന് എൻസിബി

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, October 13, 2021

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിയ്‌ക്കിടെ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ കോടതി പരിഗണിക്കുന്നു. കയ്യിൽ പണമില്ലാതെ എങ്ങനെ ലഹരിവാങ്ങുമെന്ന് ആര്യന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സംഭവം നടക്കുമ്പോൾ ആര്യൻ കപ്പലിൽ ഉണ്ടായിരുന്നില്ലെന്നാണ് അഭിഭാഷകൻ അമിത് ദേശായി കോടതിയെ അറിയിച്ചത്.

ആര്യന്റെ കയ്യിൽ ലഹരിവസ്തുക്കൾ വാങ്ങാൻ ആവശ്യമായ പണമില്ലെന്നും അതുകൊണ്ട് തന്നെ ആര്യന് ലഹരിവാങ്ങാൻ കഴിയില്ലെന്നും, ലഹരി വാങ്ങാതെ അത് ഉപയോഗിക്കാനാകില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ലഹരി വാങ്ങാനോ വിൽക്കാനോ ഉള്ള പദ്ധതി ആര്യന് ഇല്ലായിരുന്നു.

പരിപാടിയുടെ സംഘാടകർ ക്ഷണിച്ച പ്രകാരം അതിഥിയായാണ് ആര്യൻ കപ്പലിൽ എത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു. ആര്യന്റെ ജാമ്യാപേക്ഷയെ എൻസിബി എതിർത്തു. ലഹരിക്കേസിൽ പങ്കില്ലെന്ന ആര്യന്റെ അഭിഭാഷകന്റെ വാദം എൻസിബി തള്ളി.

ലഹരി പിടിച്ചെടുത്തില്ല, കുറഞ്ഞ അളവിലേ പിടിച്ചുളളൂ എന്നത് നിരപരാധിത്വത്തിന്റെ തെളിവല്ലെന്ന് എൻസിബിയുടെ അഭിഭാഷകൻ പറഞ്ഞു.  ആര്യനടക്കം റെയ്ഡിനിടെ പിടിയിലായ എല്ലാവരും തമ്മിൽ ബന്ധമുണ്ട്. ആര്യന് ജാമ്യം നൽകുകയാണെങ്കിൽ തെളിവ് നശിപ്പിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും എൻസിബി കോടതിയിൽ വ്യക്തമാക്കി.

ലഹരിക്കേസിൽ അന്താരാഷ്‌ട്ര ബന്ധം അടക്കം പരിശോധിച്ച് വരികയാണ്. ജാമ്യം നൽകിയാൽ നീതിന്യായ വ്യവസ്ഥയിൽ നിന്നും ആര്യൻ ഒളിച്ചോടാനുള്ള സാദ്ധ്യതയുണ്ട്.  ഉന്നതതല ബന്ധമുള്ള വ്യക്തിയാണ് ആര്യൻ ഖാൻ. ലഹരി ഇടപാടുകളിൽ ആര്യന് പങ്കുണ്ട് എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും വാട്‌സ്ആപ്പ് ചാറ്റ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും എൻസിബി പറഞ്ഞു.

×