സായ് പല്ലവിയും നാഗ ചൈതന്യയും നായിക നായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് ലവ് സ്റ്റോറി. ചിത്രം തിയേറ്ററുകളിൽ വലിയ വിജയം നേടുകയാണ്. നൃത്തത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം വളരെയധികം ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ, മറ്റൊരു പ്രണയഗാനം ആസ്വാദകരുടെ ഹൃദയം കീഴടക്കുകയാണ്. ചൈതന്യ പിംഗലിയുടെ വരികൾക്ക് പവനാണ് സംഗീതം പകർന്നിരിക്കുന്നത്. ഹരിചരൻ ആലപിച്ചിരിക്കുന്നു. അഭിനേത്രി എന്നതിലുപരി നർത്തകിയായി അറിയപ്പെടുന്ന സായ് പല്ലവിയുടെ നൃത്ത വൈഭവമാണ് ലവ് സ്റ്റോറിയുടെ പ്രത്യേകത.
നായകനായ നാഗ ചൈതന്യയും നർത്തകനായാണ് എത്തുന്നത്. ഇരുവരുടെയും പ്രണയവും ഒളിച്ചോട്ടവുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്. കൊവിഡ് പ്രതിസന്ധിയും തുടർന്നുള്ള ലോക്ക് ഡൗണും കാരണം ആറുമാസത്തെ ഇടവേള ‘ലവ് സ്റ്റോറി’ യുടെ ചിത്രീകരണത്തിലുണ്ടായി.
ആദ്യം നിന്നുപോയ സിനിമയുടെ ഷൂട്ടിങ് 2020 സെപ്റ്റംബർ മുതലാണ് ഹൈദരാബാദിൽ പുനരാരംഭിച്ചത്. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാന്റെ സംഗീത സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ്.