വാട്‌സ്ആപ്പ് ചാറ്റുകൾ ദുർവ്യാഖ്യാനം ചെയ്യുന്നു; തനിക്കെതിരെ തെളിവുകളില്ല; ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷയുമായി ആര്യൻ ഖാൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

മുംബൈ: മയക്കുമരുന്ന് കേസിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്ക് തെളിവുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും, തന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും ആര്യൻ ഖാൻ. ബോംബെ ഹൈക്കോടതിക്ക് മുൻപാകെ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ആര്യൻ ഖാൻ എൻസിബിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

Advertisment

അഭിഭാഷകനായ സതീഷ് മനേഷിൻഡെയാണ് ആര്യൻ ഖാന് വേണ്ടി സിംഗിൾ ബെഞ്ച് മുൻപാകെ ഹർജി സമർപ്പിച്ചത്. കേസിൽ വെള്ളിയാഴ്ച അടിയന്തര വാദം കേൾക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു. ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഈ മാസം 26ന് പരിഗണിക്കുമെന്നാണ് ബോംബെ ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.

ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30 വരെ പ്രത്യേക കോടതി നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം ആവശ്യപ്പെട്ട് ആര്യന്റെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്. ആര്യൻ ഖാൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും, ലഹരി ഇടപാടുകൾ നിരന്തരമായി നടത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ജാമ്യം നിഷേധിച്ചത്.

എന്നാൽ ആര്യൻ ഖാനെതിരെ കൃത്യമായ തെളിവുകൾ കണ്ടെത്താൻ എൻസിബിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. തെളിവുകൾ ഉണ്ടാക്കാൻ വാട്‌സ്ആപ്പ് ചാറ്റുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പ്രതികളായ അർബാസ് മർച്ചന്റ്, അജിത് കുമാർ എന്നിവരൊഴികെ മറ്റാരുമായും തനിക്കു ബന്ധമില്ല.

ജാമ്യത്തിൽ പുറത്തിറങ്ങിയാൽ അന്വേഷണത്തെ അട്ടിമറിക്കുമെന്ന എൻസിബി ആരോപണം ശരിയല്ലെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയാണ് അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തത്. ബോളിവുഡ് താരം അനന്യ പാണ്ഡെയെ വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.

ആര്യൻ ഖാനുമായുള്ള വാട്‌സാപ് ചാറ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എൻസിബി അനന്യയോടു ചോദിച്ചറിഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരോട് വെള്ളിയാഴ്ചയും ഹാജരാകാൻ എൻസിബി ആവശ്യപ്പെട്ടിട്ടുണ്ട്.

cinema
Advertisment