ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി; 'കഞ്ചാവ് റെഡിയാക്കാം എന്ന ചാറ്റ് തമാശയ്ക്ക്'; എന്‍സിബിയോട് നടി അനന്യ പാണ്ഡെ

author-image
ഫിലിം ഡസ്ക്
New Update

publive-image

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് എന്‍സിബി കസ്റ്റഡിയിലുള്ള ആര്യന്‍ ഖാനുമായി മുന്‍പ് താന്‍ നടത്തിയ വാട്‍സ്ആപ്പ് ചാറ്റിന്‍റേത് തമാശുടെ ഭാഷയെന്ന് നടി അനന്യ പാണ്ഡെ. കഞ്ചാവിന്‍റെ ലഭ്യതയെക്കുറിച്ച് ഇരുവരും തമ്മില്‍ വാട്‍സ്ആപ്പിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി എന്‍സിബി കണ്ടെത്തിയിരുന്നു.

Advertisment

ഇന്നലെ നടത്തിയ ചോദ്യംചെയ്യലിനിടെ ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് ചാറ്റിലുള്ളത് തമാശയാണെന്ന് അനന്യ മറുപടി നല്‍കിയത്. എന്‍സിബി എന്നത് പ്രൊഡക്ഷന്‍ ഹൗസ് അല്ലെന്നായിരുന്നു സോണല്‍ ഡയറക്ടര്‍ സമീര് വാങ്കഡെയുടെ പ്രതികരണം.

കഞ്ചാവ് ഒപ്പിക്കാൻ പറ്റുമോ എന്നായിരുന്നു മുന്‍ വാട്സ്ആപ്പ് ചാറ്റിൽ ആര്യൻ അനന്യയോട് ചോദിച്ചത്. ഇതിന് 'റെഡിയാക്കാം' എന്നാണ് അനന്യ നല്‍കിയ മറുപടി. ഇതൊരു തമാശയായിരുന്നു എന്നാണ് അനന്യ ഇന്നലെ ചോദ്യം ചെയ്യലിൽ എൻസിബിയോട് പറഞ്ഞത്. മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷവും ആര്യൻ ഖാന് കഞ്ചാവ് എത്തിച്ചു നൽകിയിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനില്‍ക്കുകയാണ് അനന്യ.

ഇന്നലെ പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ട് അനന്യ രണ്ടരയ്ക്കാണ് എന്‍സിബിക്കു മുന്‍പില്‍ ഹാജരായത്. ബുധനാഴ്ച ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഒരു പുതുമുഖ നടിയുമായി ആര്യന്‍ നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് എന്‍സിബി കോടതിയില്‍ ഹാജരാക്കിയത്. ഈ നടിയാണ് അനന്യ പാണ്ഡെ. കഞ്ചാവിനെക്കുറിച്ച് മൂന്ന് വ്യത്യസ്‍ത സന്ദര്‍ഭങ്ങളില്‍ വാട്‍സ്ആപ്പിലൂടെ ഇരുവരും ചാറ്റ് ചെയ്‍തിട്ടുണ്ടെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.

2018-19 കാലത്തെ ചാറ്റ് ആണ് ഇത്. ആര്യന്‍ മൂന്ന് തവണ ആവശ്യപ്പെട്ടതില്‍ രണ്ടു തവണ തനിക്കുവേണ്ടിത്തന്നെയും ഒന്ന് ഒരു കൂട്ടായ്‍മയിലെ ഉപയോഗത്തിനുമായിരുന്നെന്നും എന്‍സിബി വൃത്തങ്ങള്‍ പറയുന്നു. ചില ലഹരി മരുന്ന് വിതരണക്കാരുടെ നമ്പരുകള്‍ ആര്യന്‍ അനന്യയ്ക്കു നല്‍കിയിരുന്നുവെന്നും അനന്യ ആര്യന് കഞ്ചാവ് എത്തിച്ചുനല്‍കിയിട്ടുണ്ടെന്നും എന്‍സിബി സംശയിക്കുന്നു.

അനന്യയുടെ രണ്ട് ഫോണുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഒന്ന് ഒരു പഴയ ഹാന്‍ഡ്‍സെറ്റും മറ്റൊന്ന് മാസങ്ങള്‍ക്കു മുന്‍പ് വാങ്ങിയതുമാണ്. ഈ ഫോണുകളിലെ മുഴുവന്‍ ഡാറ്റയും എന്‍സിബി പരിശോധിക്കും. അതേസമയം അനന്യയുടെ ചോദ്യംചെയ്യല്‍ തിങ്കളാഴ്ചയും തുടരും.

cinema
Advertisment