ചെന്നൈ : ഏത് നിലയിലെത്തിയാലും വന്ന വഴി മറക്കാത്തയാളാണ് തമിഴ്നാടിന്റെ സ്വന്തം സ്റ്റൈൽ മന്നൻ. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിച്ച ദാദാ സാഹിബ് പുരസ്കാരം സ്വീകരിച്ചപ്പോഴും അദ്ദേഹം ആ പതിവ് മറന്നില്ല.
സിനിമയിൽ വരുന്നതിന് മുമ്പ് ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനികാന്ത് അന്ന് തനിക്കൊപ്പം ഉണ്ടായിരുന്ന പഴയ ബസ് ഡ്രൈവർ സുഹൃത്തിനാണ് അവാർഡ് സമർപ്പിച്ചത്. തന്നെ സിനിമയിൽ ചേരാൻ നിർബന്ധിച്ചതും ആ സുഹൃത്താണെന്ന് രജനികാന്ത് പറഞ്ഞു.
സുഹൃത്തിനൊപ്പം അന്തരിച്ച സംവിധായകൻ കെ ബാലചന്ദർ സഹോദരൻ സത്യനാരായണ റാവു, സംവിധായകർ, നിർമ്മാതാക്കൾ, തിയേറ്റർ ഉടമകൾ, സാങ്കേതിക വിദഗ്ധർ, ആരാധകർ എന്നിവർക്കും അദ്ദേഹം തന്റെ അവാർഡ് സമർപ്പിച്ചു.
രജനീകാന്തിന്റെ ആദ്യ ചിത്രം അപൂർവ രാഗങ്ങൾ സംവിധാനം ചെയ്ത് കെ ബാലചന്ദറാണ്. ഞായറാഴ്ച, അവാർഡ് സ്വീകരിക്കുന്നതിനെക്കുറിച്ച് രജനീകാന്ത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ഇന്ന് സംഭവിക്കുന്നതെന്ന് കുറിച്ചിരുന്നു. ഒന്ന് തനിക്ക് ലഭിച്ച പുരസ്കാരവും , മറ്റൊന്ന് മകൾ സൗന്ദര്യയുടെ പുതിയ ആപ്പ് ഹൂട്ടിന്റെ ആരംഭവും ആണെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.