മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ശ്രമിക്കുന്നതായി നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആരോപിച്ചു. കേസില്‍ എന്‍സിബി കസ്റ്റഡിയിലുള്ള ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാന്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ആര്യന്‍റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി കോടതിയില്‍ വാദിച്ചു.
കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാന്‍ ഷാരൂഖ് ഖാന്‍ ശ്രമിക്കുന്നുവെന്നാണ് എന്‍സിബി ആരോപണം. അതേസമയം ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി നാളെയും വാദം തുടരും.
ആര്യൻ ഖാനു വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് ഇന്ന് ഹാജരായത്. ആര്യനിൽ നിന്ന് ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലും ഇല്ലെന്നും റോത്തഗി ചൂണ്ടിക്കാട്ടി. സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്‍റെ അളവ് പോലും ജയിൽവാസത്തിന് മതിയാവുന്നതല്ല.
കേസിലെ പ്രധാന തെളിവായ വാട്‍സ്ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി പറഞ്ഞു. അതേസമയം എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയെ മുംബൈയില്‍ നാളെ ചോദ്യം ചെയ്യും. ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സാക്ഷിയുടെ വെളിപ്പെടുത്തലിലാണ് അന്വേഷണം. അഞ്ചംഗ എന്‍സിബി വിജിലന്‍സ് സംഘമാണ് സമീറ്‍ വാംഖഡെയെ ചോദ്യം ചെയ്യുക.