മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മകൻ ആര്യൻ ഖാൻ വീട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഷാരൂഖ് ഖാനും കുടുംബവും. ജയിൽ മോചിതനായ ആര്യൻ ഖാൻ ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ ആഡംബര വസതിയായ മന്നത്തിലാണ് എത്തിയത്.
ആർതർ റോഡ് ജയിലിൽ നിന്നും പുറത്തിറങ്ങിയ ആര്യനെ കൊണ്ടുപോകാൻ ഷാരൂഖ് ഖാനും എത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരോടും സുഹൃത്തുക്കളോടും അപേക്ഷയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ആര്യൻ വീട്ടിലെത്തിയതോടെ ഷാരൂഖിന്റേയും ഗൗരിയുടേയും ആര്യന്റേയും ഉൾപ്പെ സുഹൃത്തുക്കളും സഹതാരങ്ങളുമായി വലിയൊരു സംഘമാണ് ദിവസവും വീട്ടിലെത്തുന്നത്.
മന്നത്തിന്റെ വീട്ടിലും ആരാധകരുടെ വലിയ തിരക്കാണ്. ഈ സാഹചര്യത്തിൽ മന്നത്തിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാരൂഖ് എത്തിയത്. തൽക്കാലം ആരും വീട്ടിലേക്ക് വരരുതെന്ന് ഷാരൂഖ് നിർദ്ദേശിച്ചു. സുരക്ഷ മുന്നിൽക്കണ്ടാണ് ഷാരൂഖ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ആര്യന്റെ അഭിഭാഷക സംഘം അധികം സന്ദർശകരെ അനുവദിക്കരുതെന്ന് ഷാരൂഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വളരെ സെൻസിറ്റീവ് ആയ കേസ് ആയതിനാൽ വലിയ രീതിയിലുള്ള ഐക്യദാർഢ്യ പ്രകടനങ്ങൾ കോടതിയിൽ തിരിച്ചടിയാകുമോ എന്ന് അഭിഭാഷകർക്ക് ആശങ്കയുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജയിലിൽ നിന്നിറങ്ങിയ താരപുത്രനെ സ്വീകരിക്കാൻ ആരാധകർ ജയിലിന് മുന്നിൽ തടിച്ചു കൂടിയിരുന്നു. വ്യാഴാഴ്‌ച്ചയാണ് ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ രണ്ടിനാണ് ആര്യൻ ഖാൻ അറസ്റ്റിലാകുന്നത്.