ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന പുനീത് രാജ്കുമാറിന്റെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കരകയറാൻ സിനിമാ മേഖലയ്ക്ക് ആയിട്ടില്ല. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല. ഇപ്പോഴിതാ പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് തമിഴ് നടൻ വിശാൽ.
വിശാലിന്റെ പുതിയ ചിത്രമായ ‘എനിമി’യുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. ‘പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇൻഡസ്ട്രിയുടെ മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ അദ്ദേഹം ഏറ്റെടുത്തിരുന്നു.
അതു ഞാൻ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുകയാണ്. അദ്ദേഹത്തിന് വേണ്ടി അവരുടെ വിദ്യാഭ്യാസം ചെലവ് ഞാൻ ഏറ്റെടുക്കും. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു. ഞാനും അതു തുടരും’, എന്നാണ് വിശാൽ പറഞ്ഞത്.