മുംബൈ : മകൻ ജയിൽ മോചിതനായതിന്റെ ആശ്വാസത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന് ഇന്ന് 56ാം പിറന്നാൾ. പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനം ആശംസിച്ചത്. ദു:ഖത്തിന്റെ നാളുകൾക്ക് ശേഷം വന്ന സന്തോഷദിനം ആഘോഷമാക്കുകയാണ് താരവും കുടുംബവും.
മുംബൈയിലെ മന്നത്ത് വീട്ടിലാണ് ഇക്കുറി പിറന്നാൾ ആഘോഷം. ഇതിനായി ഇന്നലെ തന്നെ വീട് ദീപങ്ങളാൽ അലങ്കരിച്ചിരുന്നു. ആഘോഷങ്ങൾക്കായുള്ള മുന്നൊരുക്കങ്ങളും വസതിയിൽ പൂർത്തിയായിരുന്നു. പതിവ് പോലെ പോസ്റ്ററുകളും ബാനറുകളുമായി വസതിയ്‌ക്ക് മുൻപിൽ ആരാധകരും തടിച്ച് കൂടിയിട്ടുണ്ട്.
വസതിയ്‌ക്ക് പുറത്ത് മധുരം വിളമ്പിയും പടക്കം പൊട്ടിച്ചുമെല്ലാമാണ് സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ആഘോഷം ആരാധകർ ഗംഭീരമാക്കുന്നത്. ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ ഷാരൂഖിന്റെ വസതിയ്‌ക്ക് മുൻപിൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. സാധാരണയായി പിറന്നാൾ ആഘോഷത്തിനായി നിരവധി സുഹൃത്തുക്കളാണ് ഷാരൂഖിന്റെ വസതിയിൽ എത്തുക.
എന്നാൽ പതിവിന് വിപരീതമായി കുടുംബത്തിനൊപ്പം മാത്രമാണ് ഇക്കുറി ഷാരൂഖ് പിറന്നാൾ ആഘോഷിക്കുന്നത്. സുഹൃത്തുക്കളോട് വീട് സന്ദർശിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇനി കുടുംബത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുകയെന്ന സന്ദേശം കൂടിയാണ് ഇത് നൽകുന്നത്.
ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ ഒരു പിതാവെന്ന രീതിയിൽ കടുത്ത വിമർശനങ്ങളാണ് ഷാരൂഖിന് നേരിടേണ്ടിവന്നത്. ഷാരൂഖിന്റേതിനൊപ്പം ഗൗരി ഖാന്റെ ജന്മദിനവും ആഘോഷിച്ചേക്കും. ഒക്ടോബർ എട്ടിനായിരുന്നു ഗൗരിയുടെ പിറന്നാൾ.
എന്നാൽ ആര്യൻ ഖാൻ ജയിലിൽ ആയതിനാൽ പതിവ് ദിവസം പോലെയായിരുന്നു ഗൗരിയുടെ ജന്മദിനം കടന്നു പോയത്. ആഘോഷപരിപാടികൾ വേണ്ടെന്ന് ഗൗരിഖാൻ പറഞ്ഞിരുന്നു. ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം മധുരം പോലും ത്യജിച്ച് കടുത്ത വ്രതമനുഷ്ടിച്ച് വരികയായിരുന്നു ഗൗരി ഖാൻ.