ബംഗളൂരു : അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ കണ്ണുകൾ വെളിച്ചം നൽകിയത് നാല് പേർക്ക്. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. കർണാടകയിൽ ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടത്തുന്നത് എന്ന് നാരായണ നേത്രാലയ ചെയർമാൻ ഡോ. ഭുജൻ ഷെട്ടി പറഞ്ഞു.
ഇത്രയധികം സങ്കടത്തിനിടയിലും പുനീതിന്റെ കണ്ണുകൾ ദാനം ചെയ്യാൻ ആഗ്രഹം പ്രകടപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മുന്നോട്ട് വന്നു. വെള്ളിയാഴ്ചയാണ് കണ്ണുകൾ ശേഖരിച്ചത്. തുടർന്ന് അടുത്ത ദിവസം തന്നെ അത് ട്രാൻസ്പ്ലാന്റ് ചെയ്തു. സാധാരണയായി ഒരാളുടെ കണ്ണുകൾ രണ്ട് പേർക്കാണ് നൽകാറുള്ളത്. എന്നാൽ പുനീത് രാജ്കുമാറിന്റെ കണ്ണുകൾ നാല് പേർക്ക് വെളിച്ചം നൽകിയെന്ന് ഡോക്ടർ പറഞ്ഞു.
ഓരോ കണ്ണും രണ്ട് പേരെ ചികിത്സിക്കാനാണ് ഉപയോഗിച്ചത്. കണ്ണുകളുടെ കോർണിയ വേർപ്പെടുത്തിക്കൊണ്ട് മുന്നിലെ ഭാഗം രണ്ട് പേർക്കും പുറകിലേത് മറ്റ് രണ്ട് പേർക്കും നൽകുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. തന്റെ അറിവിൽ ഇത്തരമൊരു ശസ്ത്രക്രിയ ഇതിന് മുൻപ് കർണാടകയിൽ നടത്തിയിട്ടില്ലെന്നും ഡോ. ഷെട്ടി വ്യക്തമാക്കി.
ഇത് കൂടാതെ, ട്രാൻസ്പ്ലാൻറ് ചെയ്യാൻ ഉപയോഗിക്കാത്ത ലിംബൽ റിം (കണ്ണിന്റെ വെളുത്ത ഭാഗം) ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഇൻഡ്യൂസ്ഡ് പ്ലൂറിപൊട്ടന്റ് സ്റ്റെം സെൽ നിർമ്മിക്കുന്നതിലൂടെ ലിംബൽ സ്‌റ്റെം സെൽ ഡെഫിഷ്യൻസി, രാസവസ്തുക്കൾ കൊണ്ടുള്ള പരിക്കുകൾ, ആസിഡ് പൊള്ളൽ, മറ്റ് ഗുരുതരമായ തകരാറുകൾ എന്നിവയ്‌ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പുനീതിന്റെ അച്ഛൻ രാജ് കുമാറിന്റെയും അമ്മ പർവതമ്മയുടെയും കണ്ണുകൾ ഇതുപോലെ ദാനം ചെയ്തിരുന്നു. ഹൃദയാഘാതത്തെ തുടർന്നുണ്ടായ പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത മരണം കന്നഡ സിനിമാ ലോകത്തിന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. ജിമ്മിൽ പരിശീലനത്തിനെത്തിയ പുനീതിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഈ വാർത്ത അറിഞ്ഞതോടെ ആശുപത്രിയ്‌ക്ക് പുറത്ത് ആളുകൾ തടിച്ച് കൂടാൻ ആരംഭിച്ചു. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ ലക്ഷക്കണക്കിന് ജനങ്ങളാണ് കണ്ണീരോടെ കണ്ഡീരവ സ്റ്റുഡിയോയിൽ എത്തിയത്.