ചെന്നൈ : തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ശിവ സംവിധാനം ചെയ്ത സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ‘അണ്ണാത്തെ’. ദീപാവലി ദിനത്തിൽ ചിത്രം ബ്രഹ്മാണ്ഡ റിലീസ് ചെയ്തതോടെ രജനീ ആരാധകർ തിയേറ്ററുകളിലേക്ക് ഇടിച്ചു കയറുകയാണ്. അഞ്ച് മണിക്ക് പ്രദർശിപ്പിച്ച ആദ്യ ഷോയ്‌ക്ക് ടിക്കറ്റെടുക്കാൻ അതിരാവിലെ തന്നെ ആളുകൾ തിയേറ്ററിന് മുന്നിൽ തടിച്ച് കൂടി. തമിഴ്‌നാട്ടിൽ മാത്രം 1500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
പൂമാലകളും ബാനറുകളും കെട്ടിയാണ് രജനീ ആരാധകർ സൂപ്പർസ്റ്റാർ ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുന്നത്. രജനീകാന്തിന്റെ അണ്ണാത്തെ ടീ ഷർട്ടുകളും ഇതിനോടകം തന്നെ വിപണിയിലെത്തിക്കഴിഞ്ഞു. ഔദ്യോഗിക അവധി ദിവസത്തിലും ഫസ്റ്റ്‌ഡേ ഫസ്റ്റ് ഷോ കാണാൻ തിരക്ക് ഏറെയാണ്. സിനിമ കണ്ടുവരുന്ന ആളുകളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
കൊറോണ അടച്ചിടലിന് ശേഷം അടുത്തിടെയാണ് തമിഴ്‌നാട്ടിൽ തിയേറ്ററുകളിൽ പൂർണമായും ആളുകളെ പ്രവേശിപ്പിക്കാൻ ആരംഭിച്ചത്. ഇതിന് ശേഷം പുറത്തിറക്കുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് അണ്ണാത്തെ. കൊറോണ കാലത്ത് സിനിമാ മേഖലയ്‌ക്ക് ഉണ്ടായ പ്രതിസന്ധി ഇതിലൂടെ നികത്താൻ സാധിക്കുമെന്നാണ് നിഗമനം.
ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ചികിത്സയിലായിരുന്ന രജനീകാന്ത് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. തലവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 28നാണ് രജനീകാന്തിനെ ആശുപത്രിയിൽ എത്തിച്ചത്.
സൺ പിക്ചേഴ്സ് നിർമ്മിച്ച ചിത്രത്തിന്റെ സംഗീതം ഡി. ഇമ്മാനാണ് നിർവ്വഹിച്ചിരിക്കുന്നത്. കീർത്തി സുരേഷ്, നയൻതാര, മീന, ഖുശ്ബു, പ്രകാശ് രാജ്, സതീഷ്, സൂരി, ഗോർജ് മരിയൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. വിദേശത്ത് 1100 സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്ന ‘അണ്ണാത്തെ’ ഇത്രയധികം വിദേശ സ്‌ക്രീനിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമാകും.