സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രം ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംലാ നായിക്കിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലാലാ ഭീംല എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
പവൻ കല്യാണും റാണാ ദഗ്ഗുപതിയുമാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്. നിത്യ മേനോനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാമജോഗയ്യ ശാസ്ത്രിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് തമൻ എസ് ആണ്. തമനൊപ്പം ശ്രീ കൃഷ്ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവർ ചേർന്നാണ് ആലാപനം.
ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. പവൻ കല്യാൺ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേരാണ് ചിത്രത്തിനും നൽകിയിരിക്കുന്നത്.
അയ്യപ്പനായാണ് പവൻ കല്യാൺ ചിത്രത്തിലെത്തുന്നത്. പവൻ കല്യാണിന്റെ നായികയാണ് നിത്യ മേനോൻ. കോശിയുടെ ഭാര്യ റൂബിയായി തെലുങ്കിൽ സംയുക്ത മേനോനാണ് എത്തുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രവി കെ ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.