Advertisment

നാല് ദിവസംകൊണ്ട് 50കോടി ക്ലബ്ബിൽ ഇടംപിടിച്ച് ‘കുറുപ്പ്’: നന്ദി അറിയിച്ച് ദുൽഖർ സൽമാൻ

New Update

publive-image

Advertisment

കൊച്ചി: ഒരിടവേളയ്‌ക്ക് ശേഷം തീയേറ്ററുകളെ ഇളക്കി മറിച്ച് സജീവമായി പ്രദർശനം തുടരുകയാണ് ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്. നവംബർ 12നാണ് ചിത്രം റിലീസ് ചെയ്തത്. നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം.

ദുൽഖർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇത് എല്ലാവരുടേയും വിജയമാണെന്നാണ് ദുൽഖർ സോഷ്യൽമീഡിയയിൽ കുറിച്ചത്. ‘ഇത് വളരെ വലുതാണ്! എനിക്കിത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികൾ, അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും നിമിഷങ്ങൾ, അജ്ഞാത പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിലുള്ള സമ്മർദ്ദവും പിരിമുറുക്കവും എല്ലാം ഫലം കണ്ടിരിക്കുന്നു.

ചിത്രീകരണം തുടങ്ങുമ്പോൾ ഏറ്റവും മികച്ചത് നൽകാൻ കഴിയണമെന്നും അത് നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. നിങ്ങളോടെല്ലാവരോടുമുള്ള നന്ദി എങ്ങനെ വാക്കുകളിൽ വിവരിക്കണമെന്ന് എനിക്കറിയില്ല. തീയേറ്ററുകളിലേക്ക് തിരിച്ചെത്തിച്ചതിന് നന്ദി, ഇത് എന്റേയോ കുറുപ്പ് ടീമിന്റേയോ മാത്രം വിജയമല്ല. എല്ലാവരുടേയും വിജയമാണ്.

ഇനിയും കൂടുതൽ സിനിമകൾ തീയേറ്ററിൽ എത്തിക്കാം. കൊറോണയ്‌ക്ക് മുൻപുള്ള സ്ഥിതിയിലേക്ക്, സാധാരണ നിലയിലേക്ക് നമുക്ക് മടങ്ങാം’ ദുൽഖർ കുറിച്ചു. കേരളത്തിലും വിദേശത്തുമായി 1500 തീയേറ്ററുകളിലാണ് കുറുപ്പ് പ്രദർശനത്തിനെത്തിയത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് നിർമ്മാണം. ദുൽഖറിന് പുറമെ ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ കൈയ്യടി നേടുന്ന മറ്റുതാരങ്ങൾ.

cinema
Advertisment