ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കർണാടക രത്‌ന’ പുരസ്‌കാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പരമോന്നത ബഹുമതിയാണിത്. പുരസ്‌കാരം നേടുന്ന പത്താമത്തെ വ്യക്തിയാണ് പുനീത് രാജ്കുമാർ. കഴിഞ്ഞ ഒക്ടോബർ 26ന് ഹൃദയാഘാതത്തെ തുടർന്നാണ് പുനീത് രാജ്കുമാർ മരിക്കുന്നത്.
46 വയസ്സ് മാത്രമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീർത്തും അപ്രതീക്ഷിതമായിരുന്നു. പുനീതിന്റെ അനുസ്മരണാർത്ഥം കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ‘പുനീത നമന’ എന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരം നൽകിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
പുനീതിന് ദേശീയ പുരസ്‌കാരം ലഭിക്കണമെന്ന ആഗ്രഹമുണ്ടെന്നും, സർക്കാർ ഇതിന് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു. പുനീതിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി പത്മശ്രീ നൽകണമെന്ന് ആരാധകർ ആവശ്യം ഉയർത്തിയിരുന്നു.