ചെന്നൈ: സൂര്യ നായകനായ ജയ് ഭീം സിനിമയുടെ പ്രമേയത്തിന് പ്രചോദനമായ ലോക്കപ്പ് മർദനത്തിൽ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിക്ക് സിനിമയുടെ നിർമ്മാതാക്കൾ 15 ലക്ഷം രൂപ കൈമാറി. സൂര്യ നേരിട്ട്പങ്കെടുത്ത ചടങ്ങിൽ സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് നിർമാണ കമ്പനിക്ക് വേണ്ടി തുക കൈമാറിയത്.
സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയുടെ നിർമാണ കമ്പനിയായ 2ഡി എന്റർടെയിൻമെന്റാണ് ചിത്രം നിർമിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ജി.രാമകൃഷ്ണനും ചടങ്ങിൽപങ്കെടുത്തു. ഇതിനിടെ സിനിമയിൽ വണിയാർ സമുദായത്തിന് അപകീർത്തികരമായ രംഗങ്ങളുണ്ടെന്ന് ആരോപിച്ച് സമുദായ നേതൃത്വം രംഗത്തെത്തിയ സാഹചര്യത്തിൽ സൂര്യയുടെ ചെന്നൈയിലെ വീടിന് കനത്തസുരക്ഷ ഏർപ്പെടുത്തി.
സൂര്യ നായകനായെത്തിയ ചിത്രമാണ് ജയ് ഭീം. അടിസ്ഥാന വര്‍ഗത്തിനുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചായിരുന്നു ജയ് ഭീമില്‍ പറഞ്ഞത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചതും. എന്നാല്‍ സമീപ ദിവസങ്ങളില്‍ ചിത്രം വിവാദങ്ങളിലും പെട്ടു. സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വണ്ണിയാര്‍ സംഘം രംഗത്ത് എത്തി.
രാജാകണ്ണിനെ പീഡിപ്പിക്കുന്ന പൊലീസുകാരന്റെ കഥാപാത്രത്തെ മനപൂര്‍വം വണ്ണിയാര്‍ ജാതിയില്‍ പെട്ടയാളാക്കി അവതരിപ്പിച്ചുവെന്നാണ് ആക്ഷേപം. അതേ സമയം പൊലീസ് ക്രൂരതകൾക്കും ജാതി അതിക്രമങ്ങൾക്കും ഇരയായവരുടെ ദുരവസ്ഥയെക്കുറിച്ച് ജയ് ഭീമിലൂടെ ബോധവൽക്കരണം നടത്താനുള്ള സൂര്യയുടെയും ത സെ ജ്ഞാനവേലിന്റെയും ശ്രമങ്ങള്‍ക്ക് പിന്തുണയെന്ന് അറിയിച്ച് സംവിധായകൻ വെട്രിമാരനും രംഗത്ത് എത്തി. ശരിയായ കാര്യം ചെയ്യുന്നതിന്റെ പേരിൽ ആരെയും താഴ്ത്തിക്കെട്ടാൻ കഴിയില്ലെന്ന് വെട്രിമാരൻ പറഞ്ഞു.
ജയ് ഭീമെന്ന ചിത്രം 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മിച്ചത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്.