ചെന്നൈ: നടൻ സൂര്യയുടെ വസതിയിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി. നടന് ആക്രമണ ഭീഷണി നേരിട്ടതിനെ തുടർന്നാണിത്. ചെന്നൈയിലെ ടി നഗറിലുള്ള വസതിയിലാണ് സായുധസേനയുടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്.
സൂര്യയുടെ ജയ്ഭീം സിനിമയിൽ വണ്ണിയാർ സമുദായത്തെ ആക്ഷേപിക്കുന്നതായി സമുദായ നേതാക്കൾ പരാതി ഉന്നയിച്ചിരുന്നു. ചർച്ച ചെയ്യുന്ന വിഷയവുമായി വിയോജിപ്പ് രേഖപ്പെടുത്തി ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ. പ്രത്യേക ജാതിസമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
വണ്ണിയാർ സമുദായത്തിന്റെ അടയാളമായ അഗ്‌നികുണ്ഡം സിനിമയിൽ മോശമായി ചിത്രീകരിച്ചുവെന്നും പരാതി മയിലാഡുതുറൈയിൽ സൂര്യയെത്തിയാൽ നടനെ ആക്രമിക്കുന്നവർക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്നായിരുന്നു പ്രഖ്യാപനം.
സിനിമയിലെ വില്ലൻ കഥാപാത്രത്തിന് പിഎംകെ നേതാവുമായി സാമ്യമുണ്ടെന്നും പാർട്ടി ആരോപിച്ചു. ഇതോടെയാണ് നടന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പളനമിസ്വാമിയെ മയിലാഡുതുറൈ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെയാണ് കേസ് ചുമത്തിയിട്ടുള്ളത്.
പാർട്ടിയെയും വന്നിയാർ സമുദായത്തെയും അപമാനിക്കാനും തരംതാഴ്‌ത്താനും സിനിമയിൽ ശ്രമം നടത്തിയെന്നാണ് പിഎംകെ നേതാക്കളുടെ ആരോപണം. നിയമപരമായി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ വന്നിയാർ വിഭാഗം നോട്ടീസും അയച്ചിരുന്നു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ജയ്ഭീം, ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത് സൂര്യ-ജ്യോതിക ദമ്പതികൾ നിർമിച്ച ചിത്രമാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നു റിലീസ്.