ജനപ്രിയ ബോളിവുഡ് അഭിനേതാക്കളായ വിക്കി കൗശലിന്റെയും വിവാഹമാണ് ഡിസംബര്‍ 9ന്. രാജസ്ഥാനിലെ സവായി മധോപൂരില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇപ്പോള്‍ ഇരുവരുടെയും വിവാഹ ഒരുക്കങ്ങൾക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാനിൽ നിന്നുള്ള ഒരു അഭിഭാഷകൻ.
അഭിഭാഷകനായ നേത്രബിന്ദു സിങ്ങ് ജഡാവുന്‍ ആണ് ഇരുവർക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ ചടങ്ങുകളെ തുടര്‍ന്ന് സവായി മധോപൂരിലെ ചൗത്ത് മാതാ മന്ദിര്‍ എന്ന അമ്പലത്തിലേക്കുള്ള വഴി പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുന്നതായി സീ രാജസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് അഭിഭാഷകന്‍ നേത്രബിന്ദു സിങ്ങ് വിക്കി കൗശലിനും, കത്രീന കൈഫിനും, ഹോട്ടല്‍ മാനജര്‍ക്കും, ജില്ല കളക്ടര്‍ക്കും എതിരെ പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭക്തര്‍ക്കായി അമ്പലത്തിലേക്കുള്ള വഴി തുറന്ന് കൊടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
അതേസമയം തിങ്കളാഴ്ച്ച കത്രീനയും വിക്കിയും മുംബൈയില്‍ നിന്ന് രാജസ്ഥാനിലേക്ക് പുറപ്പെട്ടിരുന്നു. എയര്‍പ്പോര്‍ട്ടില്‍ വെച്ചുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. കത്രീന കൈഫിന്റെ കുടുംബവും രാജസ്ഥാനിലെത്തിയിട്ടുണ്ട്.