കങ്കണ റണൗത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രം 'തേജസി'ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വ്യോമസേനാ പൈലറ്റിന്‍റെ റോളിലാണ് കങ്കണ ചിത്രത്തിലെത്തുന്നത്. ദസ്സറ റിലീസ് ആയി 2022 ഒക്ടോബര്‍ 5ന് ചിത്രം തിയറ്ററുകളിലെത്തും. കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. 'തേജസ് ഗില്‍' എന്നാണ് കഥാപാത്രത്തിന്‍റെ മുഴുവന്‍ പേര്.
ഇന്ത്യയുടെ സായുധ സേന പതാകാദിനമായിരുന്ന ഇന്നലെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ പ്രതിരോധ സേനകളില്‍ ആദ്യമായി വനിതകളെ യുദ്ധമുഖങ്ങളിലേക്ക് വിന്യസിച്ചത് വ്യോമസേനയാണ്.
ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ ശര്‍വേഷ് മെവാര ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും സംവിധായകന്‍റേത് തന്നെയാണ്. ആര്‍എസ്‍വിപി മൂവീസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നേരത്തെ ഉറി: ദ് സര്‍ജിക്കല്‍ സ്ട്രൈക്ക് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ബാനര്‍ ആണിത്.