ഡൽഹി: നടി ലീന മരിയ പോളിന്റെ ഭർത്താവും വ്യവസായിയുമായ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി ജാക്വലിൻ ഫെർണാണ്ടസിനെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂർ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി നാളെയും ചോദ്യം ചെയ്യൽ തുടരും.
കേസിൽ സുകേഷ് ജയിലിലായിരുന്ന സമയത്ത് ജാക്വലിന് 10 കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ അയച്ചുനൽകിയെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ജാക്വിലിനായി മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ചാർട്ടേഡ് വിമാനവും ബുക്ക് ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
തിഹാർ ജയിലിൽ കഴിയുന്ന വ്യവസായിയുടെ ഭാര്യയിൽ നിന്ന് സുകേഷ് ചന്ദ്രശേഖർ, ഭർത്താവിനെ സഹായിക്കാമെന്ന വ്യാജേന 200 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. സെപ്തംബറിലാണ് ലീന മരിയ പോളിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ടിസ് ഹെൽത്ത് കെയറിന്റെ മുൻ പ്രമോട്ടർ ശിവേന്ദർ സിങ്ങിന്റെ ഭാര്യയിൽ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടത്.
വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ജയിലിൽ കഴിയുന്ന ശിവേന്ദർ സിങ്ങിനെയും സഹോദരൻ മൽവീന്ദർ മോഹൻ സിങ്ങിനെയും പുറത്തിറക്കാൻ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. സുകേഷ് ചന്ദ്രശേഖറുടെ പങ്കാളിയായിരുന്നു ലീന മരിയ പോൾ. കാനറ ബാങ്കിന്റെ അമ്പത്തൂർ ശാഖയിൽ നിന്നും 19 കോടിയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62 ലക്ഷവും തട്ടിയെടുത്ത കേസിൽ ഇരുവരും അറസ്റ്റിലായിരുന്നു.