80കളിലെയും 90കളിലെയും ഏറ്റവും മികച്ച ഓൺ സ്‌ക്രീൻ ജോഡികളെക്കുറിച്ച് പറയുമ്പോൾ അനിൽ കപൂറും അന്തരിച്ച നടി ശ്രീദേവിയും ഈ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ലംഹേ, മിസ്റ്റർ ഇന്ത്യ, ജുഡായി, ജൻബാസ് എന്നിവ ശ്രീദേവി-അനിൽ കപൂർ ജോഡിയിൽ പിറന്ന ബ്ലോക്ക്ബസ്റ്ററുകളിൽ ചിലതാണ്.
അനിലിന്റെയും ശ്രീദേവിയുടെയും സ്‌ക്രീൻ കെമിസ്ട്രി ദശലക്ഷക്കണക്കിന് ആളുകൾ ആരാധിച്ചിരുന്നു. 'അനിൽ കപൂർ അമ്മയുടെ പ്രിയപ്പെട്ട നായകനടനായിരുന്നു. അവർ ഒരുമിച്ച് ചെയ്ത സീനുകളിലും വർക്കുകളിലും അവർക്കിടയിൽ ഒരു പ്രത്യേക കെമിസ്ട്രി ഉണ്ടായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ അമ്മ എപ്പോഴും എന്നോട് പറയുമായിരുന്നു.
ചാച്ചു എന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കുന്നത്. അമ്മ അനിൽ കപൂറിനെ കുറിച്ച് അല്ലാതെ മറ്റൊരു നടനെ കുറിച്ചും ഇത്തരത്തിൽ പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. അദ്ദേഹം ജോലിയോട് കാണിക്കുന്ന ആത്മാർഥതയും അദ്ദേഹം കാഴ്ചവെക്കുന്ന കഠിനാധ്വാനവും നോക്കി പഠിക്കാനും അമ്മ ഉപദേശിക്കുമായിരുന്നു. അദ്ദേഹം കോമഡി കൈകാര്യം ചെയ്യുന്നത് അമ്മ ഏറെ ആസ്വദിച്ചിരുന്നു' ജാൻവി കപൂർ പറഞ്ഞു.
നായക്, മിസ്റ്റർ ഇന്ത്യ എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങൾ തനിക്ക് കാണാൻ കഴിഞ്ഞിട്ടില്ലെന്നും ജാൻവി കപൂർ പറഞ്ഞു. പെട്ടന്ന് കരച്ചിൽ വരുമെന്നും അതിനാൽ അവയെല്ലാം കാണുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും ജാൻവി കൂട്ടിച്ചേർത്തു. 'അനിൽ കപൂർ നിങ്ങളുടെ ബന്ധുവായത് കൊണ്ട് മാത്രമല്ല അദ്ദേഹം നിങ്ങളോട് സ്നേഹം കാണിക്കുകയും, നന്നായി പെരുമാറുകയും, താമശ പറയുകയുമെല്ലാം ചെയ്യുന്നത്.
അദ്ദേഹം അഭിനേതാവാണ് എന്നത് കൊണ്ട് കൂടിയാണ്' എന്ന് അമ്മ പറയുമായിരുന്നുവെന്നും ജാൻവി കൂട്ടിച്ചേർത്തു. അദ്ദേഹം ഒരു ദുർബല ഹൃദയനാണെന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും ജാൻവി പറയുന്നു.