നടന്‍ തിലകന്‍റെ സ്‍മരണാര്‍ഥം ഫൗണ്ടേഷന്‍ ആരംഭിച്ച വിവരം അറിയിച്ച് മകനും നടനുമായ ഷമ്മി തിലകന്‍. തിലകന്‍റെ ജന്മദിനമായ ഇന്നലെയാണ് ഫൗണ്ടേഷന്‍റെ രജിസ്ട്രേഷന്‍ നടത്തിയത്. 'തിലകം' എന്നാണ് ഫൗണ്ടേഷന് നാമകരണം നടത്തിയിരിക്കുന്നത്.
കലാരംഗത്തെ പുതുതലമുറയ്ക്ക് പരിശീലനക്കളരിയായി നിലകൊള്ളുക എന്നതാണ് ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനലക്ഷ്യമെന്ന് ഷമ്മി തിലകന്‍ പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഷമ്മി തിലകൻ ഫൗണ്ടേഷന്‍ ആരംഭിച്ച വിവരം അറിയിച്ചത്.
ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
പത്മശ്രീ സുരേന്ദ്രനാഥ തിലകന്‍! അഭിനയകലയുടെ പെരുന്തച്ചൻ! ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത അഭിനയ സമർപ്പണമായതിനാൽ കാലം നെഞ്ചിലേറ്റി മഹാനടന്മാരുടെ മുന്‍നിരയില്‍ തന്നെ പേരുചേര്‍ത്തെഴുതിയ നടന കുലപതി..! തന്‍റെ കലാജീവിതത്തിലുടനീളം പുതുതലമുറയെ ഗുരുതുല്യനെന്നവിധം ചേര്‍ത്തുപിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത വിശാലമായ കാഴ്ചപ്പാടിന്റെ ഉടമ..! ആ കാഴ്ചപ്പാടിന്‍റെ വെളിച്ചത്തിൽ വളര്‍ന്നുവരാനാഗ്രഹിക്കുന്ന പുതുതലമുറയില്‍പെട്ട കലാകാരന്മാരുടെ കലാഭിരുചികളെ പരിപോഷിപ്പിക്കുവാന്‍ ഉതകുംവിധം പരിശീലനക്കളരിയായി നിലകൊള്ളുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്‍റെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥം 'തിലകം' എന്നപേരിൽ ഫൗണ്ടേഷൻ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന, അദ്ദേഹത്തിന്‍റെ കാഴ്ച്ചപ്പാടുകളോട് കൂറുപുലർത്തുന്ന, കലാസ്‌നേഹികളുടെയും പൊതുസമൂഹത്തിന്‍റെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.