മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ഫഹദ് ഫാസിൽ അല്ലു അർജുൻ ചിത്രമാണ് പുഷ്പ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ അഭിനയത്തെ കുറിച്ച് പറയുകയാണ് അല്ലു അർജ്ജുൻ.
ഫഹദ് ഒരു അസാമാന്യ നടനാണെന്നും തെലുങ്ക് നന്നായി അറിയുന്ന ആളെ പോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരമെന്ന് പറയുകയാണ് അല്ലു അർജുൻ. ഫഹദിന്റെ കന്നി തെലുങ്ക് സംരംഭം കൂടിയായ തന്റെ ബ്രഹ്‌മാണ്ഡ സിനിമ പുഷ്പയെക്കുറിച്ച് മനോരമ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അല്ലു അർജുൻ.
ഫഹദിനെ പോലെ സ്റ്റാർ വാല്യുവും ഒപ്പം അഭിനയമികവുമുള്ള ഒരാളെയാണ് ഞങ്ങളും തേടിയിരുന്നതെന്നുമാണ് എന്ന് പറയുകയാണ് അദ്ദേഹം. 'ഫഹദ് ഒരു അസാമാന്യ നടനാണ്. ഇതൊരു സാധാരണ വില്ലൻ വേഷമല്ല. അതു കൊണ്ട് തന്നെ ഒരു മികച്ച നടനെ ആ വേഷം ചെയ്യുന്നതിന് ആവശ്യമായിരുന്നു.
കഥാപാത്രത്തെക്കുറിച്ച് ഫഹദിനോടു പറഞ്ഞപ്പോൾ അദ്ദേഹത്തിനതു ഇഷ്ടമായി, ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു.' അല്ലു പറയുന്നു. ഫഹദ് അഭിനയിക്കുന്നത് നേരിൽ കാണാൻ സാധിച്ചത് സന്തോഷകരമായിരുന്നെന്നും അദ്ദേഹം പറയുന്നു.
അല്ലുഅർജ്ജുന്റെ വാക്കുകൾ
'ഫഹദിനൊപ്പം അഭിനയിക്കുകയെന്നത് എന്നെ സംബന്ധിച്ച് മികച്ച അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്, അവയിലെ പ്രകടനങ്ങളും ആസ്വദിച്ചിട്ടുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്. അദ്ദേഹത്തിന്റെ രീതികൾ എന്നെ വല്ലാതെ ആകർഷിച്ചു. പ്രോംപ്റ്റ് ചെയ്ത് അഭിനയിക്കുന്ന രീതി അദ്ദേഹം സ്വീകരിക്കാറില്ലെന്നത് എന്നെ അദ്ഭുതപ്പെടുത്തി. അദ്ദേഹം തന്റെ ഡയലോഗുകൾ സ്വയം എഴുതി പഠിച്ചാണ് പറയുന്നത്. ഭാഷ അറിയാത്ത ഒരു നടൻ അങ്ങനെ ചെയ്യുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. തെലുങ്ക് നന്നായി അറിയുന്ന ആളെ പോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. എനിക്കും സംവിധായകനും മറ്റു അണിയറപ്രർത്തകർക്കും അദ്ദേഹത്തോട് ആദരവാണ് തോന്നിയത്.' അല്ലു അർജുൻ പറയുന്നു.