സൂപ്പർ താരം രജനികാന്തിന്റെ 71 ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് രജനികാന്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. നടൻ മമ്മൂട്ടിയും താരത്തിന് ജന്മദിനാശംസകളുമായി എത്തി.
ഇരുവരും ഒന്നിച്ചഭിനയിച്ച ദളപതി സിനിമക്കിടെ ഇരുവരും ചേർന്ന് എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് മമ്മൂട്ടി രജനിക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. 'പ്രിയ രജനികാന്ത്, നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു എല്ലായ്പ്പോഴും എന്നപോലെ ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക', എന്നായിരുന്നു മമ്മൂട്ടിയുടെ ജന്മദിനാശംസകൾ.
1950 ഡിസംബർ 12 ന് കർണാടകയിലാണ് ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന രജനികാന്തിന്റെ ജനനം. കർണാടക ആർ.ടി.സിയിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനി 1975 ൽ അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമ കരിയർ ആരംഭിക്കുന്നത്.
തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദസാഹേബ് ഫാൽകേ അവാർഡ് തുടങ്ങിയവയും രജനികാന്തിന് ലഭിച്ചു.