തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരങ്ങളായ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് 'ഒറ്റ്'. തമിഴ്-മലയാളം ഭാഷകളിലായാണ് ഒറ്റ് ഒരുങ്ങുന്നത്. ടി പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷറോഫും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. രണ്ടഗം എന്ന പേരിലാണ് തമിഴിൽ ചിത്രം ഒരുങ്ങുന്നത്. എസ് സജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. തെലുങ്ക് താരം ഈഷ റെബ്ബ ചിത്രത്തിൽ നായികാ കഥാപാത്രമായെത്തുന്നു. അതേസമയം, രണ്ട് സുഹൃത്തുക്കളെയും അവരുടെ ബന്ധത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുങ്ങുന്നത്.
മംഗലാപുരത്തിനും മുംബൈയ്ക്കുമിടയിലാണ് കഥ നടക്കുന്നത്. റോഡ് മൂവി ഗണത്തിൽ പെടുന്ന സിനിമയുടെ കൂടുതൽ ഭാഗങ്ങളുടെയും ചിത്രീകരണം ഗോവയിലും മംഗലാപുരത്തുമായാണ് നടന്നത്. നിലവിൽ, ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.