കോളിവുഡ് കൊറിയോഗ്രാഫർ ബ്രിന്ദാ ഗോപാൽ സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം 'ഹേ സിനാമിക'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അദിതി റാവുവും കാജൽ അഗർവാളുമാണ് ചിത്രത്തിൽ നായികമാരാകുന്നത്. അടുത്ത വർഷം ഫെബ്രുവരി 25 നാണ് ചിത്രം റിലീസ് ആകുന്നത്. തിയറ്റർ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്ളിക്സിലും ഊട്ടിലും റിലീസ് ചെയ്യും.
'കണ്ണും കണ്ണും കൊളളയടിത്താൽ' സിനിമയ്ക്കുശേഷം ദുൽഖർ സൽമാൻ നായകനാവുന്ന തമിഴ് സിനിമ കൂടിയാണ് ഹേ സിനാമിക. ദുൽഖർ ആദ്യമായി തമിഴ്സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ഓ.കെ കൺമണിയിലെ ഗാനത്തിന്റെ പേര് തന്നെയാണ് പുതിയ സിനിമക്കും.
വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കൊറിയോഗ്രാഫറായിരുന്ന ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹേ സിനാമിക'. '96' സിനിമക്കായി സംഗീതസംവിധാനം ചെയ്ത ഗോവിന്ദ് വസന്ത് ആണ് 'ഹേ സിനാമിക'യ്ക്ക് സംഗീതം നൽകുന്നത്.