ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആർആർആർ-ന്റെ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. പ്രഖ്യാപനം മുതൽ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ ആർആർആറിൽ രാംചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് നായകരായി എത്തുന്നത്. രണം രധിരം, രൗദ്രം എന്നാണ് ആർ.ആർ.ആർ എന്ന പേരിന്റെ പൂർണരൂപം.
400 കോടി മുതൽ മുടക്കിൽ ഡി.വി.വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡി.വി.വി ധനയ്യ നിർമ്മിക്കുന്ന ആർ.ആർ.ആർ കേരളത്തിലെത്തിക്കുന്നത് എച്ച്.ആർ പിക്ച്ചേഴ്സിന്റെ ബാനറിൽ റിയ ഷിബുവാണ്. ഈ ബ്രഹ്മാണ്ഡ ചിത്രം 2022 ജനുവരി 7 ന് തിയറ്ററുകളിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുക.
ഇപ്പോഴിതാ രാജ്യത്തെ ഒന്നാം നമ്പർ സംവിധായകനായി മാറിയ രാജമൗലിയും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ആർ.ആർ.ആറിലെ പ്രമുഖ താരങ്ങളും നാളെ തലസ്ഥാനത്തെത്തുകയാണ്. ആർ.ആർ.ആറിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായാണ് രാജമൗലിയും ചിത്രത്തിലെ നായകന്മാരായ ജൂനിയർ എൻ.ടി.ആർ, രാംചരൺ, ആലിയാ ഭട്ട്, എന്നിവർ കേരളത്തിലെത്തുക.
ഡിസംബർ 26 ഞായറാഴ്ച വൈകിട്ട് ആറ് മണി മുതൽ കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും പത്രപ്രതിനിധികൾക്കും മാത്രമാണ് പ്രവേശനം. 10 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ കേരളാറൈറ്റ് വിറ്റുപോയതെന്നാണ് വിവരം.
ബാഹുബലിക്ക് ശേഷം രാജമൗലി ഇറക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം രണ്ടേമുക്കാല്‍ വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
ജൂനിയർ എൻ.ടി.ആർ, രാംചരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍താരനിരയാണ് ആര്‍ആര്‍ആറിലുമുള്ളത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. ജൂനിയർ എൻടിആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്.
കെ.വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം:കെ.കെ. സെന്തിൽകുമാർ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, സംഗീതം: എം.എം. കീരവാണി.ജനുവരി 7ന് ലോകവ്യാപകമായി ആർ.ആർ.ആർ റിലീസ് ചെയ്യും. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ ഡിജിറ്റൽ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.