'ഓരോ സ്ത്രീയുടെയും ഉള്ളിലെ ശക്തിയെ ആഘോഷിക്കുന്ന ക്ഷേത്രം'; അസമിലെ കാമാഖ്യ ദേവീ ക്ഷേത്രം സന്ദര്‍ശിച്ച്‌ നടി അമലാ പോള്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

അസമില്‍ സ്ഥിതി ചെയ്യുന്ന കാമാഖ്യ ദേവീ ക്ഷേത്രം സന്ദര്‍ശിച്ച്‌ നടി അമലാ പോള്‍. സമൂഹ മാധ്യമങ്ങളില്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രം പങ്കു വെച്ച്‌ ക്ഷേത്രത്തെയും ദേവതയെയും അങ്ങേയറ്റം വാഴ്ത്തുന്ന കുറിപ്പുകളാണ് പങ്കുവെച്ചിരിക്കുന്നത്. ഓരോ സ്ത്രീയുടെയും ഉള്ളിലെ ശക്തിയെ ആഘോഷിക്കുന്ന ക്ഷേത്രമെന്നാണ് കാമാഖ്യ ദേവീ ക്ഷേത്രമെന്നും താരം കുറിച്ചു.

Advertisment

‘രക്തമൊലിക്കുന്ന അമ്മദേവതയായ കാമാഖ്യദേവിയെ മാനിക്കാനാണ് ഈ ക്ഷേത്രം പണിതത്. കലിക പുരാണമനുസരിച്ച്‌ പാര്‍വ്വതിയുടെ യോനി പതിച്ച സ്ഥലത്താണ് കാമാഖ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആത്മാവിന്‍റെ പാഠങ്ങള്‍ ആഴത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്, ശക്തിയെന്നത് അങ്ങേയറ്റത്തെ ആക്രമണോത്സുകതയാണെന്ന് തെറ്റിദ്ധരിച്ചുകൂടാ. ശക്തിയെന്നത് നമ്മുടെ ഉള്ളിലെ ശാന്തിയുടെ അറിവാണ്.

ആ ആത്മസംയമനത്തിന്‍റെ നിശ്ശബ്ദതയെയാണ് ശക്തിയായി ഞാന്‍ നിര്‍വ്വചിക്കുന്നത്. ഞാന്‍ എന്നെ അമ്മയ്ക്ക് നല്‍കുകയും എന്‍റെയുള്ളിലെ കുട്ടിയെ സുരക്ഷിതമാക്കി മടങ്ങുകയും ചെയ്തു,’- അമലാ പോള്‍ കുറിച്ചു. അസമിലെ ഗുവാഹത്തി നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള നീലാചല്‍ മലയിലാണ് കാമാഖ്യ ക്ഷേത്രം നിലകൊള്ളുന്നത്. ഈ ക്ഷേത്രത്തെക്കുറിച്ച്‌ ശിവ – പാര്‍വ്വതി ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കഥയുണ്ട്. ദക്ഷയാഗത്തിന്‍റെ സമയത്ത് ഭര്‍ത്താവായ പരമശിവനെ ദക്ഷന്‍ അപമാനിച്ചു.

ഇതില്‍ കലിപൂണ്ട പാര്‍വ്വതി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്തു. ഇതറിഞ്ഞ ശിവന്‍ കോപാകുലനായി. ദക്ഷന്‍റെ തലയറുത്തു. പാര്‍വ്വതിയുടെ ജഡം എടുത്ത് താണ്ഡവമാടി. പിന്നാലെ വിഷ്ണു സുദര്‍ശനചക്രമുപയോഗിച്ച്‌ പാര്‍വ്വതിയുടെ ജഡത്തെ 108 കഷ്ണമായി മുറിച്ചു. ഈ ശരീരഭാഗങ്ങള്‍ 108 സ്ഥലങ്ങളില്‍ പതിച്ചു. ഇതില്‍ പാര്‍വ്വതിയുടെ യോനീഭാഗം ചെന്ന് വീണ സ്ഥലമാണ് കാമാഖ്യ ദേവീ ക്ഷേത്രം എന്നാണ് വിശ്വാസം. സന്താനസൗഭാഗ്യത്തിനായി ധാരാളം സ്ത്രീകള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. അഘോരികളുടെ ആരാധനാകേന്ദ്രം കൂടിയാണ് കാമാഖ്യ ദേവീ ക്ഷേത്രം.

Advertisment