കോളിവുഡില്‍ നിന്നുള്ള റൊമാന്‍റിക് ഡ്രാമ ചിത്രങ്ങളില്‍ ജനപ്രീതിയില്‍ '96'ന് അടുത്തു നില്‍ക്കുന്ന മറ്റൊരു ചിത്രം സമീപകാലത്ത് ഉണ്ടായിട്ടില്ല. സി പ്രേംകുമാറിന്‍റെ സംവിധാനത്തില്‍ 2018ല്‍ പുറത്തെത്തിയ ചിത്രത്തിലെ 'റാമും' 'ജാനു'വും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി.
കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ വലിയ പ്രദര്‍ശന വിജയവും നേടിയിരുന്നു ഈ ചിത്രം. 99 എന്ന പേരില്‍ കന്നഡയിലും ജാനു എന്ന പേരില്‍ തെലുങ്കിലും ചിത്രം റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. ഒരു കോളെജ് റീയൂണിയന് പഴയ കമിതാക്കള്‍ കണ്ടുമുട്ടുന്നതായിരുന്നു ചിത്രത്തിന്‍റെ പ്ലോട്ട്. വിജയ് സേതുപതിയും തൃഷയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പില്‍ക്കാല ജീവിതം എങ്ങനെയായിരിക്കുമെന്ന് ചിത്രം ഇറങ്ങിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികളില്‍ പലരും രസകരമായ ഭാവനകള്‍ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ഇരുവരും ബിഗ് സ്ക്രീനിലേക്ക് വീണ്ടും മടങ്ങിയെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സി പ്രേംകുമാര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും രണ്ടാംഭാഗത്തിന്‍റെ മുന്നൊരുക്കങ്ങളിലാണ് അദ്ദേഹമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ട്രേഡ് അനലിസ്റ്റുകളും ട്വിറ്ററിലൂടെ വിവരം പങ്കുവച്ചിട്ടുണ്ട്. ഈ വിവരം വാസ്‍തവമാണെങ്കില്‍ കോളിവുഡ് ബോക്സ് ഓഫീസ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു പ്രോജക്റ്റ് ആയി ഇത് മാറും.
#96Movie Part-2 Work in Progress…. pic.twitter.com/KE5L3wXEN9
— Christopher Kanagaraj (@Chrissuccess) February 1, 2022