തെന്നിന്ത്യൻ താരസുന്ദരിയാണ് കാജൽ അഗർവാൾ. ഇപ്പോൾ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടി കാജൽ അ​ഗർവാളും ഭർത്താവ് ​ഗൗതം കിച്ലുവും. ഇന്നലെ ദുബായിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ബേബി ബംബ് കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു.
ഇതിനു പിന്നാലെ താരത്തിന്റെ ശരീരത്തെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റുകളും വന്നു. ഇപ്പോൾ ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ സന്ദേശവുമായി എത്തിയിരിക്കുകയാണ് താരം. തന്നെപ്പോലെ ​ഗർഭ കാലത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്കു വേണ്ടിയുള്ളതാണ് താരത്തിന്റെ കുറിപ്പ്. ദുബായ് ചിത്രങ്ങൾക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവച്ചത്.
കാജലിന്റെ കുറിപ്പ് വായിക്കാം
”ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത്. എന്റെ ജീവിതത്തിലും ശരീരത്തിലും വീട്ടിലും അതിനേക്കാളുപരി എന്റെ തൊഴിലിടത്തിലും മാറ്റങ്ങള്‍ വരുന്നു.
‘പക്ഷേ ബോഡി ഷെയ്മിംഗ് സന്ദേശങ്ങളും മോശം കമന്റുകളും മീമുകളുമൊന്നും അത്ര നല്ലതല്ല. ജീവിക്കൂ അല്ലെങ്കിൽ ജീവിക്കാന്‍ അനുവദിക്കൂ. കരുണയോടെ പെരുമാറാൻ പഠിക്കണം.
എന്റേതിന് സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വർക്കുവേണ്ടിയാണ് ഈ കുറിപ്പ്. എല്ലാവരും ഈ കുറിപ്പ് വായിക്കണം, പ്രത്യേകിച്ച് ചില വൃത്തികെട്ട മനുഷ്യർ ഇതൊന്നും മനസിലാക്കാതെ ഇരിക്കുമ്പോൾ. ഗർഭാവസ്ഥയിൽ, ശരീരഭാരം കൂടുന്നതുൾപ്പെടെ നമ്മുടെ ശരീരം നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകുന്നു.
ഹോർമോണുകളില്‍ വ്യതിയാനം സംഭവിക്കും, ഭാരം വര്‍ധിക്കും, കുഞ്ഞ് വളരുന്നതിനോടൊപ്പം നമ്മുടെ വയറും സ്തനങ്ങളും വലുതായിത്തീരുന്നു. കുഞ്ഞിന്റെ സുഖകരമായ വളര്‍ച്ചക്കായി ശരീരം പാകപ്പെടുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. നമ്മുടെ ശരീരം വലുതാകുന്നിടത്ത് ചിലർക്ക് സ്ട്രെച്ച് മാർക്കുകൾ ഉണ്ടായേക്കാം. ചിലപ്പോൾ മുഖക്കുരു വരും, കൂടുതൽ ക്ഷീണിതരായിരിക്കുകയും പലപ്പോഴും മാനസികാവസ്ഥ മാറുകയും ചെയ്തേക്കാം. ക്ഷീണം തോന്നും, മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സമയത്തുണ്ടാകുന്ന നെഗറ്റീവ് ചിന്തകള്‍ അസുഖമുണ്ടാക്കും.
കൂടാതെ, കുഞ്ഞിന് ജന്മം നല്‍കിയ ശേഷം, നമ്മൾ പഴയ രൂപത്തിലേക്ക് മടങ്ങാൻ കുറച്ച് സമയമെടുത്തേക്കാം, അല്ലെങ്കിൽ ഗർഭധാരണത്തിന് മുമ്പ് നമ്മൾ കണ്ടിരുന്ന രീതിയിലേക്ക് ഒരിക്കലും മടങ്ങിവരില്ല. അത് ശരിയാണ്. എന്നാല്‍ അത് സാരമില്ല. ഈ മാറ്റങ്ങൾ സ്വാഭാവികമാണ്, നമ്മുടെ ജീവിതത്തിലേക്ക് പുതിയ ഒരാളെകൊണ്ടുവരാനുള്ള കഷ്ടപ്പാടിന്റെ ഭാഗമാണിത്. ഇതെല്ലാം അസാധാരണമാണെന്ന് കരുതേണ്ടതില്ല, സമ്മര്‍ദ്ദത്തിലാകേണ്ടതില്ല, ചട്ടങ്ങളില്‍ ഒതുങ്ങേണ്ടതില്ല. ഇതെല്ലാം ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കുക”- കാജൽ കുറിച്ചു.