തല അജിത്തിന്റെ സിനിമയിൽ മോഹൻലാൽ എത്തുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ മഹേഷ് ബാബുവിനോപ്പം അഭിനയിക്കാൻ ലാലേട്ടനെന്ന് റിപ്പോർട്ട്. ത്രിവിക്രം ശ്രീനിവാസ് ചിത്രത്തില്‍ മഹേഷ് ബാബു വീണ്ടും നായകനാകുന്നുവെന്ന വാർത്ത നേരത്തെ എത്തിയിരുന്നു. ഇതോടെ ഏറെ പ്രതീക്ഷയിലാണ് തെന്നിന്ത്യൻ സിനിമാസ്വാദകർ.
ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച സൂചനകള്‍ ലഭ്യമല്ല. ഈ മാസം ആദ്യമായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ഇപ്പോഴിതാ ഇതിനു പിന്നാലെ ചിത്രത്തിൽ മോഹൻലാലും എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ‘എസ്എസ്എംബി28’ എന്ന് താല്‍ക്കാലികമായ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഹേഷ് ബാബുവിനൊപ്പം മോഹന്‍ലാലും ഒരു പ്രധാന വേഷത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
പക്ഷേ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. പൂജ ഹെഗ്‌ഡേയായിരിക്കും ചിത്രത്തിലെ നായിക. ഏപ്രിലില്‍ ആണ് ചിത്രം പൂര്‍ണമായും ഷൂട്ടിംഗ് തുടങ്ങുക. അതേസമയം നേരത്തെ അജിത്തിനൊപ്പവും മോഹൻലാൽ സ്ക്രീൻ പങ്കിടുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ഇരുവരും എത്തുന്നതെന്നായിരുന്നു വിവരം. ഇതേ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടില്ല.