വിപ്ലവകരമായ മാറ്റങ്ങളുമായി മെമ്പർ രമേശനും കൂട്ടരും എത്തുന്നു; ചിരിയും ചിന്തയും നിറച്ച് അർജുൻ അശോകൻ ചിത്രത്തിന്റെ ട്രെയ്‌ലർ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

വെള്ളിത്തിരയിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകൻ. അച്ഛനെ പോലെത്തന്നെ ഏറെ ആരാധകരുള്ള താരമായി മാറി മകൻ അർജുൻ അശോകനും. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ച അർജുൻ അശോകൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ആരാധകരിൽ ആവേശമാകുന്നത്.

‘മെമ്പർ രമേശൻ 9-ാം വാർഡ്’ എന്ന ചിത്രം പ്രഖ്യാപനം മുതൽക്കേ ആരാധകരിൽ ആവേശം നിറച്ചതാണ്. ഏറെ പ്രത്യേകതകളോടെ പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങളും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ‘അലരേ’ എന്ന് തുടങ്ങുന്ന ഗാനം വലിയ രീതിയിൽ ആസ്വാദക ഹൃദയങ്ങൾ കവർന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലറും പ്രേക്ഷകരിൽ ചിരിയും ആകാംഷയും ജനിപ്പിക്കുന്നുണ്ട്.

ആക്ഷേപ ഹാസ്യ രൂപേണ ഒരുക്കുന്ന ചിത്രത്തിൽ നർമ്മത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. ഇത് ഉറപ്പുവരുത്തുന്നതാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയ്‌ലറും. ആൻറോ ജോസ് പെരിയ, എബി ട്രീസ പോൾ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബൻ ആൻഡ് മോളി പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, ശബരീഷ് വർമ്മ, സാബുമോൻ, മാമുക്കോയ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 25 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി.

ആസിഫ് അലി നായകനായ ‘മന്ദാര’ത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ‘ഉണ്ട’, രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജൂൺ’ എന്നീ ചിത്രങ്ങളിലും താരം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മധുരം, സൂപ്പർ ശരണ്യ എന്നിവയാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Advertisment